കോവിഷീല്‍ഡ് എടുത്ത ഇന്ത്യക്കാര്‍ക്ക് യൂറോപ്പില്‍ വിലക്ക്; പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടെന്ന് അദാര്‍ പൂനാവാല

ന്യൂദല്‍ഹി- സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന ഓക്‌സ്‌ഫൊഡ് യുനിവേഴ്‌സിറ്റി-ആസ്ട്രസെനക വാക്‌സിനായ കോവിഷീല്‍ഡ് എടുത്ത ഇന്ത്യക്കാര്‍ക്ക് യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയത് പരിഹരിക്കാന്‍ ഉന്നതതല ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് സിറം സിഇഒ അദാര്‍ പൂനാവാല അറിയിച്ചു. മെഡിക്കല്‍ ഏജന്‍സിയുമായും രാജ്യങ്ങളുമായി നയതന്ത്ര തലത്തിലും ബന്ധപ്പെട്ട് യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ഉറപ്പു നല്‍കുന്നുവെന്നും പൂനവാല അറിയിച്ചു.

യൂറോപ്യന്‍ മെഡിസിന്‍ ഏജന്‍സി അംഗീകരിച്ച നാലു വാക്‌സിനുകളില്‍ ഓക്‌സ്‌ഫൊഡ്-ആസ്ട്രസെനകയും ഉള്‍പ്പെടും. എന്നാല്‍ യൂറോപ്പില്‍ നിര്‍മ്മിച്ചതിനു മാത്രമെ അംഗീകാരമുള്ളൂ. യൂറോപ്പിലെ ആസ്ട്രസെനക വാക്‌സിന്‍ വാക്‌സെര്‍വ്‌റിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബയോണ്‍ടെക് ഫൈസര്‍, മൊഡേന, ജന്‍സീന്‍ (ജോണ്‍സണ്‍&ജോണ്‍സണ്‍) എന്നിവയാണ് മറ്റ് അംഗീകൃത വാക്‌സിനുകളില്‍. 

ജൂലൈ ഒന്നു മുതല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുകയാണ്. വാക്‌സിനെടുത്തവരെ മാത്രം രാജ്യത്തേക്ക് പ്രവേശിപ്പിക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനുമാണിത്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ യുറോപ്യന്‍ മെഡിക്കല്‍ ഏജന്‍സി അംഗീകരിച്ച നാലു വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്നെടുത്തവരായിരിക്കണം. ഇതുണ്ടെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെല്ലാം സഞ്ചരിക്കാം.
 

Latest News