പാലുൽപന്നങ്ങൾ മാത്രമല്ല, മിൽമയുടെ ചാണകവും ഇനി പാക്കറ്റുകളിൽ ലഭ്യം. മിൽമയുടെ അനുബന്ധ സ്ഥാപനമായ മലബാർ റൂറൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷനാണ് (എംആർഡിഎഫ്) മേൽക്കൂരകളിലെ കൃഷിയിടം മുതൽ വലിയ തോട്ടങ്ങളിൽ വരെ ഉപയോഗിക്കാവുന്ന രീതിയിൽ ചാണകപ്പൊടി ബ്രാൻഡ് ചെയ്തു വിപണിയിലെത്തിക്കുന്നത്. ചെറുകിട ക്ഷീരകർഷകർ മുതൽ വലിയ ഡെയറി ഫാമുകൾ വരെയുള്ളവർക്കു ചാണക സംസ്‌കരണം വലിയ വെല്ലുവിളിയാണ്. പലപ്പോഴും കർഷകർ പ്രതീക്ഷിക്കുന്ന വില ചാണകത്തിനു ലഭിക്കാറുമില്ല. വീട്ടു കൃഷി, നഴ്‌സറി, പൂന്തോട്ടങ്ങൾ എന്നിവയ്ക്കു ഗുണമേന്മയുള്ള ചാണകം വിപണിയിൽ കിട്ടാനില്ലാത്ത അവസ്ഥയുമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ക്ഷീരസംഘങ്ങളോടനുബന്ധിച്ചു കർഷക കൂട്ടായ്മകൾ രൂപീകരിച്ചു ചാണകം പൊടിയാക്കി വിപണിയിലെത്തിക്കുന്നത്. 1, 2, 5, 10 കിലോഗ്രാം പാക്കറ്റിനു യഥാക്രമം 25, 27, 70, 110 രൂപയാണ് വില. വൻകിട കർഷകർക്ക് അവർ ആവശ്യപ്പെടുന്ന രീതിയിൽ എത്തിക്കും. കൃഷിവകുപ്പ്, പ്ലാന്റേഷൻ കോർപറേഷൻ, സർക്കാരിന്റെ ഫാമുകൾ എന്നിവയ്ക്കായി വലിയ തോതിൽ ചാണകം നൽകാനുള്ള അനുമതിക്കായി മിൽമ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസസ് റിസർച്ചിനു വേണ്ടി വലിയ അളവിൽ ചാണകം എംആർഡിഎഫ് നൽകുന്നുണ്ട്.