അഗർത്തല- ത്രിപുരയിൽ ബി.ജെ.പി ആക്രമണത്തിൽ മുതിർന്ന സി.പി.എം നേതാവും എം.എൽ.എയുമായ സുധൻ ദാസിന് ഗുരുതര പരിക്ക്. എം.എൽ.എ അടക്കം പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. ഇടതുപാർട്ടികളുടെ നേതൃത്വത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെ ബെലോനിയയിൽ പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു. പ്രകടനത്തിനുശേഷം നേതാക്കളും പ്രവർത്തകരും ബസ് സ്റ്റാൻഡിന് പരിസരത്ത് നിൽക്കുമ്പോഴായിരുന്നു ആക്രമണം.
ജയ്ശ്രീം റാം വിളിച്ചുകൊണ്ട് വാഹനങ്ങളിലെത്തിയ ബി.ജെ.പി പ്രവർത്തകർ പ്രകടനത്തിലേക്ക് കല്ലെറിയുകയായിരുന്നു. ബി.ജെ.പി പ്രവർത്തകരുടെ കല്ലേറിൽ സുധൻ ദാസിന് തലക്കും കൈയ്യിനുമാണ് പരിക്കേറ്റത്. പിന്നീട് സുധൻ ദാസിന്റെ വീടിനും ബി.ജെ.പി പ്രവർത്തകർ കല്ലെറിഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ ജയ ബാനർജിക്ക് കല്ലേറിൽ നെഞ്ചിന് പരിക്കേറ്റു.
പരിക്കേറ്റ എംഎൽഎ സുധൻദാസ് ഉൾപ്പടെയുള്ളവർ നിലവിൽ അഗർത്തല ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഘർഷത്തിൽ മണ്ഡലം പ്രസിഡന്റടക്കമുള്ള പ്രവർത്തകർക്ക് പരിക്കേറ്റെന്ന് ബിജെപി നേതാക്കളും ആരോപിച്ചു.