Sorry, you need to enable JavaScript to visit this website.

കല്യാണം കച്ചവടമാക്കല്ലേ, ആറാട്ടില്‍ നിന്നുള്ള  രംഗങ്ങളുമായി മോഹന്‍ലാല്‍ 

പെരുമ്പാവൂര്‍- സ്ത്രീധനത്തിനെതിരെ കേരളത്തിലെങ്ങും പൊതുവികാരം ശക്തമാവുമ്പോള്‍ പ്രതികരണവുമായി മോഹന്‍ലാല്‍. ആറാട്ട് എന്ന ചിത്രത്തിലെ ഒരു രംഗം പങ്കുവച്ചാണ് താരം സന്ദേശം കൈമാറുന്നത്. സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ എന്നും മലയാളത്തിന്റെ അതുല്യ നടന്‍ കുറിക്കുന്നു.
പെണ്ണുങ്ങള്‍ക്ക് കല്യാണമല്ല ഒരേ ഒരു ലക്ഷ്യമെന്നും സ്വയം പര്യാപ്തതയാണ് വേണ്ടതെന്നും മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഗോപന്‍ എന്ന കഥാപാത്രം പറയുന്നു. 'തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്‌നേഹത്തിലും നിലനില്‍ക്കുന്ന സഹവര്‍ത്തിത്വമാണ് വിവാഹം. അത്, കണക്ക് പറയുന്ന കച്ചവടമല്ല. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്,' വീഡിയോയില്‍ വ്യക്തമാകുന്നു.
നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ഉദയ കൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹന്‍ലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
 

Latest News