മുംബൈ-പ്രശസ്ത റിയാലിറ്റി ഷോ ആയ ബിഗ് ബോസിൽ പങ്കെടുക്കുമെന്ന അഭ്യൂഹം തള്ളി നടി അങ്കിത ലോഖണ്ഡെ. ഈ വർഷം ബിഗ് ബോസ് 15 ൽ അങ്കിത ഉണ്ടാകുമെന്ന പ്രചാരണങ്ങൾക്കിടെയാണ് ഇൻസ്റ്റഗ്രാമിലൂടെ നടിയുടെ നിഷേധം. ചിന്തിക്കുക പോലും ചെയ്യാത്ത കാര്യത്തിലാണ് ജനങ്ങൾ എതിർപ്പും വിദ്വേഷവും തുടരുന്നതെന്നും ബിഗ്ബോസിൽ പങ്കെടുക്കുമെന്നത് തീർത്തും വസ്തുതാ വിരുദ്ധമാണെന്നും നടി പറഞ്ഞു. എതിർപ്പിനോടൊപ്പം നടിയെ അനുകൂലിച്ചും ധാരാളം പേർ രംഗത്തു വന്നിരുന്നു. വിവാദ റിയാലിറ്റി ഷോ ആയ ബിഗ്ബോസ് ശ്രദ്ധ ആകർഷിക്കുന്നതിനു നടത്തുന്ന പ്രചാരണങ്ങളിലൊന്നാണ് പ്രമുഖ സെലിബ്രിറ്റികൾ പങ്കെടുക്കുമെന്ന അഭ്യൂഹം. സീസൺ 14ൻ്റെ ഗ്രാൻഡ് ഫിനാലെയിൽ അവതാരകൻ സൽമാൻ ഖാൻ പ്രമുഖരുടെ വരവ് സൂചിപ്പിച്ചിരുന്നു.