ന്യൂദൽഹി- രാജ്യത്ത് പന്ത്രണ്ട് സംസ്ഥാനങ്ങളിലായി 51 ഡെൽറ്റ പ്ലസ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. 45000 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 51 കേസുകൾ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയിൽ 22, തമിഴ്‌നാട്ടിൽ ഒൻപത്, മധ്യപ്രദേശിൽ ഏഴ്, കേരളത്തിൽ മൂന്ന്, പഞ്ചാബിലും ഗുജറാത്തിലും രണ്ട് വീതം, ആന്ധ്രപ്രദേശ്, ഒഡീഷ, രാജസ്ഥാൻ ജമ്മു കാഷ്മീർ, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ഓരോ കേസുകളുമാണ് വകഭേദം വന്ന ഡൽറ്റ പ്ലസ് വൈറസ് ബാധിതരുടെ എണ്ണം.
അതിനിടെ, ഡൽറ്റ പ്ലസ് ബാധിച്ച് ഇന്ന് രണ്ടു പേർ കൂടി മരിച്ചു. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലുമാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്തത്. മധുര സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മൈസൂരുവിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ കർശനന നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം കർണാടക സർക്കാരിന് നിർദേശം നൽകി. ആളുകൾ കൂട്ടം ചേരുന്നത് ഒഴിവാക്കാൻ നടപടിയെടുക്കാനും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ നിർദേശിച്ചിട്ടുണ്ട്.
ഡൽറ്റ പ്ലസ് വകഭേദം അതിവേഗം പടരുന്നതാണ്. ഇതിന്റെ വ്യാപനം ആശങ്കയുണ്ടാക്കുന്നു. അതിനാൽ നിയന്ത്രണങ്ങൾ കടുപ്പിക്കണം. ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് സാവകാശം മതിയെന്നും സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.