ന്യൂദല്‍ഹി- വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി അതിര്‍ത്തിയില്‍ ഏഴു മാസത്തോളമായി സമരം ചെയ്യുന്ന കര്‍ഷകര്‍ ഇന്ന് ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യും. ജനുവരി 26ന് തലസ്ഥാന നഗരിയിലേക്ക് മാര്‍ച്ച് നടത്തിയത് സര്‍ക്കാരിന് തലവേദനയായിരുന്നെങ്കിലും സമരക്കാരുടെ ആവശ്യങ്ങളൊന്നും അംഗീകരിച്ചിരുന്നില്ല. സംയുക്ത കിസാന്‍ മോര്‍ച്ച എന്ന കര്‍ഷക സംഘനടകളുടെ കൂട്ടായ്മയാണ് പ്രക്ഷോഭം നയിക്കുന്നത്. സമരക്കാര്‍ കേന്ദ്രീകരിച്ച ദല്‍ഹി അതിര്‍ത്തികളില്‍ നിന്നും ട്രാക്റുകളുമായി കര്‍ഷകര്‍ തലസ്ഥാനത്തേക്ക് മാര്ച്ചിനൊരുങ്ങഇയിരിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ കര്‍ഷകര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ദല്‍ഹിയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. മൂന്ന് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ സഹാറന്‍പൂരില്‍ നിന്നും സിസോളിയില്‍ നിന്നും ഗാസിപൂര്‍ ഗേറ്റില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
രാഷ്ട്രപതിക്കും സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും നിവേദനങ്ങള്‍ സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലേയും കര്‍ഷകരോട് സുയക്ത കിസാന്‍ മോര്‍ച്ച അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൃഷിയെ രക്ഷിക്കൂ ജനാധിപത്യത്തെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ് സമരം ശക്തിപ്പെടുത്തുന്നത്. ഏഴുമാസമായി സമരം ചെയ്യുകയാണ്, ലോകത്തെ ഏറ്റവും വലിയ സമരമാണിതെന്നും ഇനിയും ശക്തിപ്പെടുത്തുമെന്നും ഭാരതീയ കിസാന്‍ യൂണിയന് നേതാവ് ഡോ. ദര്ശന് പാല് പറഞ്ഞു.