കോട്ടയം/ കൊച്ചി- സിനിമാ അഭിനയവുമായി ബന്ധപ്പെട്ട് യുവതിയെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് നടന്‍ ഉണ്ണി മുകുന്ദനെതിരെ തൃക്കൊടിത്താനം പോലീസ് കേസെടുത്തു. യുവതിയുടെ പിതാവ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
അനുവാദമില്ലാതെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ ഉണ്ണി മുകുന്ദന്‍, രാജ് സക്കറിയ, ഓണ്‍ലൈന്‍ കൂട്ടായ്മയുടെ അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തതായി തൃക്കൊടിത്താനം പോലീസ് അറിയിച്ചു.
സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു വിളിച്ചു വരുത്തി, തിരക്കഥയുടെ ചര്‍ച്ചക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായതോടെ ഇറങ്ങിപ്പോന്നു. തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് അപകീര്‍ത്തി പരത്തിയെന്നാണ് പരാതി. യുവതിയുടെ പടത്തിനോടൊപ്പം പോലീസ് ഓഫീസറുടെ വേഷത്തില്‍ ഉണ്ണി മുകുന്ദന്റെ പടവും നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് 119 ബി വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
കോട്ടയം എസ്.പിക്കു പുറമെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലും യുവതി പരാതി നല്‍കി. മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിന്റെ പ്രഥമ വിചാരണക്കിടെയാണ് മജിസ്‌ട്രേറ്റ് കോടതിയില്‍ നടനെതിരെ യുവതി പുതിയ ആരോപണം ഉന്നയിച്ചത്. രണ്ടു മാസം മുമ്പ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഉണ്ണി മുകുന്ദന്റെ അഭിഭാഷകന് എതിര്‍ വിസ്താരം നടത്താന്‍ ഇന്നലെ യുവതി കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. എന്നാല്‍ ജാമ്യത്തില്‍ കഴിയുന്ന ഉണ്ണി മുകുന്ദന്‍ കൂട്ടാളികളെ ഉപയോഗിച്ചും ഫോണിലൂടെയും തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതിനാല്‍ കോടതിയില്‍ ഹാജരാകാന്‍ സാധിക്കുന്ന അവസ്ഥയിലല്ലെന്ന് അഭിഭാഷകന്‍ മുഖേന യുവതി കോടതിയെ അറിയിച്ചു. ഓണ്‍ലൈനില്‍ ചിത്രങ്ങള്‍ വന്നതിനാല്‍ മാനസിക നില തകര്‍ന്ന സ്ഥിതിയിലാണ്. ജീവനു ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം ആവശ്യമാണെന്നും അഭിഭാഷകന്‍ അറിയിച്ചു. ഇതേത്തുടര്‍ന്നു കോടതിയില്‍ ഹാജരാകാന്‍ ഈ മാസം 27 വരെ കോടതി സമയം അനുവദിച്ചു. ഉണ്ണി മുകുന്ദന്‍ കോടതിയില്‍ എത്തിയിരുന്നു.