Sorry, you need to enable JavaScript to visit this website.

കല്യാണം കഴിക്കുന്ന പെണ്ണിന് 10 പവന്‍ സ്വര്‍ണ്ണം നല്‍കും- സുബീഷ് സുധി

കൊച്ചി- കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്തതിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സജീവമാകുകയാണ്. താരങ്ങളടക്കം നിരവധി പേരാണ് വിഷയത്തില്‍ തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കി രംഗത്തെത്തിയത്. ഇപ്പോഴിതാ നടന്‍ സുബീഷ് സുധി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
വിവാഹം കഴിക്കുകയാണെങ്കില്‍ വധുവിന് 10 പവന്‍ സ്വര്‍ണം താന്‍ അങ്ങോട്ടു നല്‍കുമെന്നാണ് നടന്‍ സുബീഷ് സുധി. കുറേക്കാലമായി മനസില്‍ തീരുമാനിച്ച കാര്യമാണിതെന്നും ഇപ്പോള്‍ പറയേണ്ട സാമൂഹിക സാഹചര്യമായതു കൊണ്ട് പറയുന്നുവെന്നും സുബീഷ് പറയുന്നു.

സുബീഷ് സുധിയുടെ ഫേസ്ബുക്ക് കുറിപ്പ്

'കുറേക്കാലമായി മനസില്‍ തീരുമാനിച്ച കാര്യമാണ്. അത് ഇപ്പോള്‍ പറയേണ്ട സാമൂഹ്യ സാഹചര്യമായതുകൊണ്ട് പറയുന്നു. ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ ആ പെണ്ണിന് ഞാന്‍ 10 പവന്‍ സ്വര്‍ണം നല്‍കും. ജീവിത പ്രതിസന്ധിയില്‍ എന്നെങ്കിലും പ്രയാസം വന്നാല്‍. അവള്‍ക്കത് തരാന്‍ സമ്മതമെങ്കില്‍ പണയം വെയ്ക്കാം. ഇങ്ങനെ ഓരോരുത്തരും അവരിലാകും വിധം പരിശ്രമിച്ചാല്‍ തീരാവുന്നതേയുള്ളൂ ഈ വിവാഹേതര സ്ത്രീധന പ്രശ്‌നം.' സുബീഷ് കുറിച്ചു.
സ്ത്രീധനം എന്ന കച്ചവടത്തെ ഇല്ലാതാകേണ്ടത് വലിയൊരു അത്യാവശ്യമായി മാറിയിരിക്കുകയാണെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. അഹാന കൃഷ്ണ കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ സ്ത്രീധനത്തിനെതിരെയാ വീഡിയോകള്‍ അടക്കം സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്. പലരും വലിയ തുകയും പവന്‍ കണക്കിന് സ്വര്‍ണവും ആവശ്യപ്പെടുന്നതിനാല്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച് അയക്കാന്‍ കഴിയാത്ത മാതാപിതാക്കളും ഇന്ന് നമ്മുടെ സാക്ഷര കേരളത്തിലുണ്ട്.

Latest News