ജയ്പൂര്‍- ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന് വധഭീഷണിയുമായി ഗുണ്ടാ നേതാവ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ലോറന്‍സ് ബിഷ്‌ണോയിയാണ് സല്‍മാനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്.
ഒരു കേസുമായി ബന്ധപ്പെട്ട് ബിഷ്‌ണോയിയെ ജോധ്പുര്‍ കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു വധഭീഷണി. ഈ കേസ് കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ വലിയ ഏതെങ്കിലും കേസാണ് പോലീസിന് ആവശ്യമെങ്കില്‍ താന്‍ സല്‍മാന്‍ ഖാനെ കൊല്ലാം എന്നായിരുന്നു ലോറന്‍സിന്റെ ഭീഷണി.
ജോധ്പൂരിലുണ്ടെങ്കില്‍ സല്‍മാനെ വധിക്കും. തങ്ങളുടെ തനിനിറം സല്‍മാന്‍ അറിയും എന്നായിരുന്നു ഇയാളുടെ ഭീഷണി. തുടര്‍ന്ന് താരത്തിന്റെ സുരക്ഷ ശക്തമാക്കി.
1998 ലെ മാന്‍ വേട്ടക്കേസുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്നാണ് സൂചന. കൊലപാതകം, മോഷണം തുടങ്ങി ഇരുപതിലധികം കേസുകള്‍ ബിഷ്‌ണോയിക്കെതിരെ നിലവിലുണ്ട്.