ബീജിംഗ്- യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാക്കിസ്ഥാനെതിരെ തിരിഞ്ഞത് മുതലാക്കാന്‍ ചൈന രംഗത്ത്. പാക്കിസ്ഥാനുമായുള്ള സാമ്പത്തിക, സൈനിക സഹകരണം ശക്തമാക്കാനാണ് ഈ അവസരം ചൈന ഉപയോഗപ്പെടുത്തുന്നത്.
ജിബൂട്ടിയില്‍ സൈനിക താവളം ആരംഭിച്ച ശേഷം പാക്കിസ്ഥാനില്‍ മറ്റൊരു സൈനികത്താവളം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ചൈന. യു.എസ് ദിനപത്രമായ വാഷിംഗ്ടണ്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിലെ ചബ്ഹാര്‍ തുറമുഖത്തിന് സമീപത്തായാണ് ചൈനയുടെ സൈനികത്താവളം ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തങ്ങളുടെ പുതിയ സൈനികത്താവളത്തെ സംബന്ധിച്ച് പാക്കിസ്ഥാനുമായി ചൈന ചര്‍ച്ച പൂര്‍ത്തിയാക്കിയെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യയിലെ തന്നെ വന്‍ ശക്തിയായി മാറാനുള്ള ഒരുക്കത്തിലാണ് ചൈന. അമേരിക്കയുമായി ഇടഞ്ഞു നില്ക്കുന്ന പാക്കിസ്ഥാനെ അവര്‍ കൂട്ടുപിടിക്കുന്നതും ഇതുകൊണ്ടാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, നാവിക മേഖലയിലെ ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സൈനികത്താവളമെന്നും കടല്‍കൊള്ളക്കാരെ തുരത്തുകയെന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യമെന്നുമാണ് ചൈനയുടെ വിശദീകരണം.
ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് പ്രസിഡന്റ് ട്രംപ് പാക്കിസ്ഥാനെതിരെ ആരംഭിച്ച പ്രചാരണം ചൈനയുമായുള്ള പാക്കിസ്ഥാന്റെ സൗഹൃദം ദൃഢമാക്കുമെന്ന് ഔദ്യോഗിക ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉഭയകക്ഷി വ്യാപാരത്തിലും സാമ്പത്തിക ഇടപാടുകളിലും ചൈനീസ് കറന്‍സി ഉപയോഗിക്കാന്‍ പാക്കിസ്ഥാന് സമ്മതിച്ചതിനു പിന്നാലെ, ചൈന-പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴിയില്‍ കൂടുതല്‍ നിക്ഷേപമിറക്കാന്‍ ചൈന സന്നദ്ധമായി. 5000 കോടി ഡോളറിന്റെ പദ്ധതിയാണിത്.
അതിനിടെ, പാക്കിസ്ഥാനെതിരെ അമേരിക്ക മുന്നറിയിപ്പ് ആവര്‍ത്തിച്ചു. താലിബാന്, ഹഖാനി ശൃംഖല എന്നീ ഭീകര സംഘടനകള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ യു.എസ് എല്ലാ വഴികളും പരിഗണിക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ മുന്നറിയിപ്പ്.
പാക്കിസ്ഥാനുള്ള സാമ്പത്തിക സൈനിക സഹായങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് യു.എസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനിയും ഭീകരവാദികളെ സംരക്ഷിച്ചാല്‍ ധനസഹായം വെട്ടിക്കുറച്ചതിന് പുറമെ പാക്കിസ്ഥാനെതിരെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന സൂചനയാണ് വൈറ്റ് ഹൗസ് നല്‍കുന്നത്.