മുംബൈ- കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വ്യാപാരം ശക്തിപ്പെട്ടതിനു പിന്നാലെ സൈബര്‍ തട്ടിപ്പുകളും വ്യാപകമായി. ഓണ്‍ലൈന്‍ പെയ്‌മെന്റ് തട്ടിപ്പിനിരയായ കഥ വെളിപ്പെടുത്തി നടി ശബാന ആസ്മിയും.
ജാഗ്രത പുലര്‍ത്തണമെന്ന ആഹ്വാനത്തോടെയാണ് അവര്‍ തട്ടിപ്പിന്റെ കഥ ട്വിറ്ററില്‍ പങ്കുവെച്ചു.
മദ്യത്തിനാണ് ശബാന ആസ്മി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. ഓണ്‍ലൈനായി പണം അടിച്ചിട്ടും ഓര്‍ഡര്‍ സ്വീകരിച്ചവര്‍ തിരിഞ്ഞുനോക്കിയില്ല. നിരവധി തവണ ശ്രമിച്ചിട്ടും ഫോണ്‍ എടുത്തില്ലെന്നും നടി വെളിപ്പെടുത്തി. പണം ട്രാന്‍സ്ഫര്‍ ചെയ്ത അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും സഹിതമാണ് ട്വീറ്റ്.
മദ്യവിതരണത്തിനായി ഗൂഗിളില്‍ ലഭിക്കുന്ന മിക്ക നമ്പറുകളും വ്യാജമാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും കമന്റില്‍ നടി ശബാന ആസ്മി പറഞ്ഞു.