സൂറത്ത്- 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി എംഎല്‍എ നല്കിയ അപകീര്‍ത്തി കേസില്‍ വ്യാഴാഴ്ച രാഹുല്‍ ഗാന്ധി സൂറത്തിലെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി. എല്ലാ കള്ളന്മാരുടേയും കുടുംബ പേര് മോഡി എന്നാണ് എന്ന രാഹുലിന്റെ പരാമര്‍ശം മോഡി സമുദായത്തെ മൊത്തം അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. സൂറത്ത് ബിജെപി എംഎല്‍എ പുര്‍നേഷ് മോഡി സമര്‍പ്പിച്ച അപകീര്‍ത്തി കേസില്‍ അന്തിമ വാദം രേഖപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് കഴിഞ്ഞയാഴ്ചയാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ.എന്‍ ദവെ ഉത്തരവിട്ടത്. ഇതുപ്രകാരമാണ് വ്യാഴാഴ്ച രാഹുല്‍ കോടതിയില്‍ നേരിട്ടെത്തി ഹാജരായത്. നിലനില്‍പ്പിന്റെ മൊത്തം രഹസ്യവും ഭയമില്ലായ്മ ആണെന്ന് കോടതിയില്‍ ഹാജരയാതിനു തൊട്ടുപിന്നാലെ രാഹുല്‍ ട്വീറ്റ് ചെയ്തു. 2019 ഒക്ടോബറിലും രാഹുല്‍ കോടതിയില്‍ ഹാജരായിരുന്നു.
“The whole secret of existence is to have no fear.”
— Rahul Gandhi (@RahulGandhi) June 24, 2021
'നീരവ് മോഡി, ലളിത് മോഡി, നരേന്ദ്ര മോഡി... ഇവര്‍ക്കെല്ലാം എങ്ങനെ മോഡി എന്ന കുടുംബപ്പേര് വന്നു. എല്ലാ കള്ളന്മാര്ക്കും പൊതുവായി മോഡി എന്ന കുടുംബപ്പേര് എങ്ങനെ വന്നു' എന്നായിരുന്നു 2019 ഏപ്രില്‍ 13ന് കര്‍ണാടകയില്‍ നടത്തിയ പ്രസംഗത്തിലെ രാഹുലിന്റെ പരാമര്‍ശം. അന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയിരുന്നു രാഹുല്‍. ലോക്സഭാ പരാജയത്തോടെ തൊട്ടടുത്ത മാസം രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവിയും ഒഴിഞ്ഞു.