ചെന്നൈ- കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ ഐടി ചട്ടങ്ങള്‍ക്കെതിരെ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ 13 മുന്‍നിര മാധ്യമ കമ്പനികള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഈ വിവാദ ചട്ടങ്ങള്‍ നിയമങ്ങളുടെ ലംഘനമാണന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതാണെന്നും ഭരണഘടനാ സാധുത ഇല്ലെന്നും ചൂണ്ടിക്കാട്ടി ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയത്തിനും വാര്‍ത്താവിതരണ മന്ത്രാലയത്തിനും നോട്ടീസ് അയച്ചു. ഇന്ത്യന്‍ എക്‌സ്പ്രസ്, ഇന്ത്യാ ടുഡേ, എന്‍ഡിടിവി, ഹിന്ദുസ്ഥാന്‍ ടൈംസ്, ലോക്മത്, മലയാള മനോരമ, ഈനാട് തുടങ്ങി രാജ്യത്തെ 13 പ്രമുഖ മാധ്യമങ്ങളുടെ ഡിജിറ്റല്‍ വിഭാഗങ്ങളുടെ കൂട്ടായ്മയാണ് ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍.
പുതിയ ഐടി ചട്ടങ്ങള്‍ അഭിപ്രായ, തൊഴില്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 14, 19(1)(എ), 19 (1)(ജി) വകുപ്പുകളുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ മാധ്യമ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിക്കാരുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. ഈ ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ പുതിയ ഐടി ചട്ടങ്ങള്‍ പ്രകാരം മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിനോട് ഉത്തരവിടണമെന്നും മാധ്യമ കമ്പനികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം നീക്കങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിനാല്‍ കോടതി ഇതു വിസമ്മതിച്ചു.