തിരുവനന്തപുരം-കെ.ജി ജോര്‍ജിന്റെ ഓര്‍മ്മ നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ വൃദ്ധസദനത്തിലാക്കി എന്ന പ്രചാരണം നടത്തിയ സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ കെ.ജി ജോര്‍ജിന്റെ കുടുംബം. ശാന്തിവിള ദിനേശിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി കെ.ജി ജോര്‍ജിന്റെ ഭാര്യ സെല്‍മ ജോര്‍ജ് പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ചികിത്സയുടെ ഭാഗമായാണ് വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതെന്ന് സെല്‍മ ജോര്‍ജ് ഒരു ചാനലിനോട് പ്രതികരിച്ചു. മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ പ്രതിഭ എന്നതിനൊപ്പം കെ.ജി ജോര്‍ജ് ഒരു ദുര്‍നടപ്പുകാരനാണ് എന്നായിരുന്നു ശാന്തിവിള ദിനേശിന്റെ വിവാദ പരാമര്‍ശം. ഇലവങ്കോട് ദേശത്തിന് ശേഷം ജോര്‍ജിന്റെ സിനിമാജീവിതം അവസാനിച്ചത് ഈ ദുര്‍നടപ്പുകാരണമാണെന്നും, ജോര്‍ജിനെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ വൃദ്ധസദനത്തില്‍ തള്ളിയിരിക്കുകയാണെന്നും ശാന്തിവിള ദിനേശ് യൂട്യൂബ് ചാനലിലൂടെ ആരോപിച്ചു. ഇതിനെതിരെയാണ് സെല്‍മ ജോര്‍ജ് രംഗത്തെത്തിയത്.
കെ.ജി ജോര്‍ജിനെ കുറിച്ച് മാത്രമല്ല സിനിമാ രംഗത്തുള്ള മറ്റ് നിരവധി പേര്‍ക്കെതിരെ ശാന്തിവിള ദിനേശ് തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. പറയുന്നത് മുഴുവനും പച്ചക്കള്ളമാണെന്നും സെല്‍മ പറയുന്നു. ഇത്തരം പ്രചാരണങ്ങള്‍ തനിക്കെതിരെയുള്ള മാനസിക പീഡനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.സെല്‍മക്ക് ജോര്‍ജിന്റെ ഭാര്യയാകാന്‍ യോഗ്യതയില്ലെന്ന അധിക്ഷേപവും മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. സെല്‍മയുടെ പരാതിയില്‍ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ശാന്തിവിള ദിനേശിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.