Sorry, you need to enable JavaScript to visit this website.

ആമസോണ്‍ ഗോഡൗണില്‍ ഓരോ ആഴ്ചയും നശിപ്പിക്കുന്നത് ഒരു ലക്ഷത്തോളം സാധനങ്ങള്‍

Representative image

ലണ്ടന്‍- ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്മാരായ ആമസോണിന്റെ സ്‌കോട്ട്‌ലാന്‍ഡിലുളള ഒരു ഗോഡൗണില്‍ ഓരോ ആഴ്ചയും നശിപ്പിച്ചു കളയുന്നത് 1,30,000 സാധനങ്ങള്‍്. സ്മാര്‍ട്ട് ഫോണ്‍, സ്മാര്‍ട്ട് ടി.വി, ലാപ്‌ടോപ്പ്, ഐ പാഡ് മുതലായ വസ്തുക്കളാണ് കൂടുതലും നശിപ്പിക്കുന്നത്. ബ്രിട്ടനിലെ ഒരു സ്വകാര്യ ചാനലാണ് വാര്‍ത്ത പുറത്തു വിട്ടത്.
രഹസ്യകാമറ വച്ച് നടത്തിയ ചാനല്‍ റിപ്പോര്‍ട്ടിംഗില്‍, മുന്തിയ ഇനം മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ടി വി, ആഭരണങ്ങള്‍ എന്നിവ നശിപ്പിക്കാനുള്ളവയുടെ പട്ടികയില്‍ പെടുത്തി വിവിധ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ നിറക്കുന്നത് കാണിക്കുന്നുണ്ട്. ഓരോ ആഴ്ചയും 1,30,000 സാധനങ്ങള്‍ നശിപ്പിക്കണമെന്നുള്ള ടാര്‍ഗറ്റ് ഓരോ തൊഴിലാളിക്കും കമ്പനി നല്‍കിയിട്ടുണ്ടെന്ന് മുഖം മറച്ച ഒരു ഗോഡൗണ്‍ ജീവനക്കാരന്‍ കാമറയില്‍ പറയുന്നു.

ഏപ്രിലില്‍ 1,24,000 സാധനങ്ങള്‍ നശിപ്പിക്കുകയും, 28,000 സാധനങ്ങള്‍ ആമസോണ്‍ സൗജന്യമായി നല്‍കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നശിപ്പിക്കേണ്ട വസ്തുക്കളും സൗജന്യമായി നല്‍കേണ്ട വസ്തുക്കളും വേര്‍തിരിക്കാന്‍ കമ്പനി പ്രത്യേക മാര്‍ഗനിര്‍ദ്ദേശം ഒന്നും നല്‍കിയിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. പലപ്പോഴും ജീവനക്കാരുടെ ഔചിത്യം അനുസരിച്ചാണ് സാധനങ്ങള്‍ വേര്‍തിരിക്കുന്നത്.

ആമസോണ്‍ സംഭവം നിഷേധിച്ചിട്ടില്ല. മാധ്യമങ്ങള്‍ക്കു നല്‍കിയ വാര്‍ത്താകുറിപ്പില്‍ ചാനല്‍ വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്ന ഗോഡൗണ്‍ ഉപയോഗശൂന്യമായ സാധനങ്ങള്‍ നശിപ്പിക്കുന്നതിനു വേണ്ടിയുള്ള സ്ഥലമാണെന്നും ഉപഭോക്താക്കള്‍ നിരസിച്ച സാധനങ്ങള്‍ നശിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നതെന്നും ആമസോണ്‍ വ്യക്തമാക്കി. കൂടാതെ ബ്രിട്ടനിലെ എല്ലാ ഉപഭോക്താക്കളും നിരസിക്കുന്ന സാധനങ്ങള്‍ വന്നുചേരുന്നത് ഇവിടെയാണെന്നും അതിനാലാണ് സാധനങ്ങളുടെ സംഖ്യ ഇത്ര ഉയര്‍ന്നതെന്നും ആമസോണ്‍ പറഞ്ഞു.

 

Latest News