ന്യൂദൽഹി- ശരദ് പവാറിന്റെ വസതിയിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു ചേർത്തത് മൂന്നാം മുന്നണി ഒരുക്കത്തിനല്ലെന്ന വിശദീകരണവുമായി എൻ.സി.പി. കോൺഗ്രസിനെ ഒഴിവാക്കി എന്ന ആരോപണവും ശരിയല്ലെന്നും നേതൃത്വം വ്യക്തമാക്കി. കോൺഗ്രസ് നേതാക്കളെയും ക്ഷണിച്ചിരുന്നു. വിവേക് തൻക, മനീഷ് തിവാരി, അഭിഷേക് സിംഗ്‌വി, ശത്രുഘ്‌നൻ സിൻഹ എന്നിവരെ ക്ഷണിച്ചിരുന്നു. എന്നാൽ അവർ യോഗത്തിന് എത്തിയില്ല എന്നാണ് എൻസിപി നേതാവ് മജീദ് മേമൻ പറഞ്ഞത്.
രാഷ്ട്രീയ മഞ്ചിന് വേണ്ടി യോഗം വിളിച്ചത് യശ്വന്ത് സിൻഹയാണെന്നാണ് മറ്റു വിശദീകരണം. ഇതൊരു രാഷ്ട്രീയ യോഗമായിരുന്നില്ല. നിലവിലെ സാഹചര്യങ്ങൾ എല്ലാവരും ഒത്തുകൂടി ചർച്ച ചെയ്തു എന്നേയുള്ളൂ എന്നും മജീദ് മേമൻ പറഞ്ഞു.
ശരദ് പവാറിന്റെ ഡൽഹിയിലെ വസതിയിൽ ചേർന്ന യോഗത്തിൽ ഇടതു കക്ഷി നേതാക്കളും ആം ആദ്മി പാർട്ടിയും പങ്കെടുത്തു. പാർട്ടി ജനറൽ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഎമ്മും സിപിഐയും നിശ്ചയിച്ചിരുന്നു. സിപിഎമ്മിൽ നിന്ന് നീലോൽപൽ ബസുവും സിപിഐയിൽ ബിനോയ് വിശ്വവും യോഗത്തിൽ പങ്കെടുത്തു.
നാഷണൽ കോൺഫറൻസ് നേതാന് ഒമർ അബ്ദുള്ള, ആർഎൽഡി നേതാവ് ജയന്ത് ചൗധരി, സമാജ് വാദി പാർട്ടി നേതാവ് ഘനശ്യാം തിവാരി, ആം ആദ്മി പാർട്ടി നേതാവ് സുശീൽ ഗുപ്ത, എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. യോഗം തീരുന്നതിന് മുൻപ് തന്നെ ഒമർ അബ്ദുള്ള മടങ്ങിയിരുന്നു. രാഷ്ട്രീയ നേതാക്കൾക്കു പുറമേ, ഗാനരചയിതാവ് ജാവേദ് അക്തർ, റിട്ടയേർഡ് ജസ്റ്റീസ് എപി ഷാ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഇതൊരു രാഷ്ട്രീയ യോഗമൊന്നും അല്ലായിരുന്നു. സമാന ചിന്താഗതിക്കാരുടെ ഒരു ആശയവിനിമയ വേദിയായിരുന്നു. സർക്കാരിന്റെ കോവിഡ് പ്രതിരോധ രീതികളും സ്ഥാപനങ്ങൾക്ക് മേലുള്ള കടന്നു കയറ്റവും തൊഴിലില്ലായ്മയും ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു എന്നാണ് സിപിഎം നേതാവ് നീലോൽപൽ ബസു പറഞ്ഞത്.