കവരത്തി- ലക്ഷദ്വീപുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരായി. വൈകിട്ട് നാലരയോടെ ലക്ഷദ്വീപ് എസ്.പി ഓഫീസിലാണ് ഹാജരായത്. എസ്.എസ്.പി ശരത് സിംഗയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ചോദ്യം ചെയ്യുന്നത്. ഇടക്കാല ജാമ്യം നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ ചോദ്യം ചെയ്യലിനു ശേഷം മടങ്ങാനാകും.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ നയങ്ങളുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ ബയോവെപണ്‍ എന്ന പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് ആയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കവരത്തി പൊലീസ് കേസെടുത്തത്. അഭിഭാഷകനൊപ്പമാണ് ശനിയാഴ്ച ഉച്ചക്ക് ആയിഷ കവരത്തിയിലെത്തിയത്.
ലക്ഷദ്വീപ് വിഷയത്തില്‍ രാജ്യവിരുദ്ധമായി യാതൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ആയിഷ സുല്‍ത്താന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുമെന്നും തനിക്ക് പറയാനുള്ളത് വിശദീകരിക്കുമെന്നും ്അവര്‍ പറഞ്ഞു.