Sorry, you need to enable JavaScript to visit this website.

കോവിഡ് രണ്ടാം തരംഗത്തിനിടെ ബിഹാറില്‍ കണക്കില്‍പ്പെടാത്ത 75000 മരണങ്ങള്‍

പട്‌ന- ബിഹാറില്‍ കോവിഡ് മരണങ്ങള്‍ വന്‍തോതില്‍ സര്‍ക്കാര്‍ മറച്ചുവച്ചെന്ന സംശയ ബലപ്പെടുത്തുന്ന കണക്കുകള്‍ പുറത്ത്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ കഴിഞ്ഞ മാസങ്ങളില്‍ 75000 മരണങ്ങളാണ് കാരണങ്ങള്‍ രേഖപ്പെടുത്താത്തവയായി സര്‍ക്കാരിന്റെ കണക്കുകളില്‍ ഉള്ളത്. സര്‍ക്കാര്‍ പുറത്തു വിട്ട ഔദ്യോഗിക കോവിഡ് മരണ കണക്കുകളുടെ പത്തിരട്ടിയോളം അധികമാണിത്. 2021 ജനുവരി മുതല്‍ മേയ് വരെ 2.2 ലക്ഷം പേര്‍ മരിച്ചതായാണ് സര്‍ക്കാരിന്റെ സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.  എന്നാല്‍ ഈ കാലയളവിലെ കോവിഡ് മരണങ്ങള്‍ 7,717 മാത്രമാണെന്ന് സര്‍ക്കാര്‍ പറയുന്നു. മേയ് അവസാനത്തില്‍ മരണസംഖ്യ അപ്‌ഡേറ്റ് ചെയ്തപ്പോള്‍ ഒറ്റ ദിവസം 3,951 മരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയപ്പോഴാണ് മരണ സംഖ്യ ഇത്ര ഉയര്‍ന്നത്. ബിഹാറിലെ കോവിഡ് മരണ കണക്ക് വന്‍ക്രമക്കേട് നടന്നതായുള്ള സംശയം ബലപ്പെടുത്തുന്ന കണക്കുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

മുന്‍വര്‍ഷത്തെ മരണക്കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 82500 മരണങ്ങള്‍ അധികമായുണ്ട്. ഇതില്‍ പകുതിയിലേറേയും, 62 ശതമാനവും മേയില്‍ മാത്രം സംഭവിച്ചതാണെന്ന് കരുതപ്പെടുന്നു. അതേസമയം സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തില്‍ കോവിഡ് മരണമായി രേഖപ്പെടുത്തിയിരിക്കുന്നത് വെറും 7117 മാത്രമാണ്. 74,808 മരണങ്ങളുടേയും കാരണം വ്യക്തമല്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഈ സംവിധാനത്തിനെതിരെ പട്‌ന ഹൈക്കോടതി ശനിയാഴ്ച ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. കോവിഡ് മരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്താത്ത സംവിധാനം സര്‍ക്കാരിന് നിരക്കാത്തതാണെന്നും നിയമ പരിരക്ഷ ലഭിക്കില്ലെന്നും കോടതി താക്കീത് ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഡിജിറ്റല്‍ പോര്‍ട്ടല്‍ 2018നും ശേഷം അപ്‌ഡേറ്റ് ചെയ്തിട്ടില്ല, പുതിയ പ്രസക്തമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
 

Latest News