Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം തേടുന്നവരിൽ നേരിയ വർധന

ന്യൂദൽഹി- രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനെത്തുന്നവരുടെ എണ്ണത്തിൽ നേരിയ വർധന രേഖപ്പെടുത്തിയതായി ദേശീയ ഉന്നത വിദ്യാഭ്യാസ സർവെ റിപ്പോർട്ട്. 18നും 23നുമിടയിൽ പ്രായമുള്ള ഉന്നത വിദ്യാഭ്യാസം നേടാൻ യോഗ്യതയുള്ള യുവജനങ്ങളിൽ 2015-16 കാലയളവിൽ 24.5 ശതമാനം മാത്രമാണ് ഉന്നത കലാലയങ്ങളിൽ പ്രവേശനം നേടിയത്. 2016-17 വർഷത്തിൽ ഇത് 25.2 ശതമാനമായി വർധിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയമാണ് ഈ സർവെ നടത്തുന്നത്.

ജനസംഖ്യയ്ക്ക് ആനുപാതികമായി കണക്കാക്കുന്ന ഈ ഗ്രോസ് എന്റോൾമെന്റ് റേഷ്യോ 2020ഓടെ 30 ശതമാനമാക്കി ഉയർത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിലേക്ക് ഇനിയും ഏറെ മുന്നേറുണ്ടാനുണ്ട്. ചൈന പോലുള്ള പ്രമുഖരാജ്യങ്ങൾക്കെല്ലാം പിറകിലാണ് നിവലിൽ ഇന്ത്യയുടെ സ്ഥാനം. ചൈനയുടെ ഗ്രോസ് എന്റോൾമെന്റ് റേഷ്യോ 43.39 ശതമാനമാണ്. യുഎസിന്റേത് 85.8 ശതമാനവും. പാക്കിസ്ഥാന്റേത് വെറും 9.93 ശതമാനം മാത്രമെയുള്ളൂ.

ഇന്ത്യയിലെ മൊത്തം യൂണിവേഴ്‌സിറ്റികളുടെ എണ്ണം 864 ആണ്. കഴിഞ്ഞ വർഷം ഇത് 799 ആയിരുന്നു. സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ തമിഴ്‌നാടാണ് ഉന്നത വിദ്യാഭ്യാസം തേടുന്നവരുടെ എണ്ണത്തിൽ മുന്നിലുള്ളത്. തമിഴ്‌നാടിന്റെ ഗ്രോസ് എന്റോൾമെന്റ് റേഷ്യോ 46.9 ശതമാനമാണ്. ദേശീയ ശരാശരിയുടെ ഇരട്ടിയോളം വരുമിത്. ഏറ്റവും പിറകിൽ ബിഹാറാണ്. 14.9 ശതമാനം.

കോളെജുകളുടെ പെരുപ്പത്തിൽ ദക്ഷിണേന്ത്യ തന്നെയാണ് മുന്നിട്ടിരിക്കുന്നത്. കോളെജുകളിലെ വിദ്യാർത്ഥി പ്രവേശന തോതിൽ പുതുച്ചേരിയാണ് മുന്നിൽ. ഇവിടെ ഓരോ കോളെജിലും ശരാശരി 549 വിദ്യാർത്ഥികൾ ചേരുന്നു. രണ്ടാം സ്ഥാനത്തുള്ള തെലങ്കാനയിൽ 483 വിദ്യാർത്ഥികളും കർണാടകയിൽ 381 വിദ്യാർത്ഥികളും ഓരോ കോളെജിലും അഡ്മിഷൻ എടുക്കുന്നുണ്ട്.
 

Latest News