ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് മുന്നാം തരംഗം സംഭവിച്ചിരിക്കുമെന്നും അത് അടുത്ത ആറ് മുതല്‍ എ്ട്ട് ആഴ്ച്ചയ്ക്കുള്ളില്‍ പ്രതീക്ഷിക്കാമെന്നും ദല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. 'ലോക്ഡൗണ്‍ അവസാനിപ്പിച്ച് എല്ലാം തുറക്കാന്‍ ആരംഭിച്ചിരിക്കുന്നു. കോവിഡ് പ്രതിരോധിക്കാന്‍ അനുയോജ്യമായ പെരുമാറ്റമല്ല കാണുന്നത്. ആദ്യത്തേയും രണ്ടാമത്തേയും തരംഗത്തിനിടയില്‍ എന്താണ് സംഭവിച്ചത് എന്നതില്‍ നിന്ന് നാം ഒരു പാഠവും പഠിച്ചില്ലെന്നു വേണം കരുതാന്‍. വീണ്ടും ആള്‍ക്കൂട്ടങ്ങളാണ്. ജനങ്ങളെല്ലാം ഒത്തുകൂടുന്നു. ദേശീയ തലത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ അല്‍പ്പം സമയമെടുക്കും. പക്ഷെ ഇത് അടുത്ത ആറു മുതല്‍ എട്ട് ആഴ്ച്ചയ്ക്കുള്ളില്‍ സംഭവിക്കാം. ഒരു പക്ഷെ അല്‍പ്പം കൂടി വൈകിയേക്കാം,' ഡോ. ഗുലേറിയ എന്‍ഡിടിവിയോട് പറഞ്ഞു. ജനങ്ങള്‍ ഒത്തുകൂടന്നത് തടയുന്നതിനേയും നമ്മുടെ കോവിഡ് കാല പെരുമാറ്റത്തേയും ആശ്രയിച്ചിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു.