ന്യൂദൽഹി- ആധാർ വിവരങ്ങൾ സുരക്ഷിതമാണെന്ന യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ അവകാശവാദം തള്ളി മുൻ സി.ഐ.എ ഉദ്യോഗസ്ഥൻ എഡ്വേഡ് സ്നോഡൻ.
ആധാർ വിവരങ്ങൾ ചോർത്താൻ കഴിയുമെന്ന് അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.രാജ്യത്തെ പൗരന്മാരുടെ ആധാർ വിവരങ്ങൾ ചോർന്നതായും അവ ഓൺലൈൻ വഴി വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നുമുള്ള റിപ്പോർട്ടുകള്‍ക്കു പിന്നാലെയാണ് സ്നോഡന്റെ വെളിപ്പെടുത്തൽ. ഓൺലൈൻ ഇടപാടുവഴി അജ്ഞാത കച്ചവടക്കാരിൽനിന്നും ആധാർ വിവരങ്ങൾ തങ്ങൾക്ക് വാങ്ങാൻ സാധിച്ചുവെന്നായിരുന്നു ദി ട്രിബ്യൂണിന്‍റെ റിപ്പോർട്ട്.
വെറും 500 രൂപ മാത്രം നൽകി ആയിരക്കണക്കിന് ആധാർ വിവരങ്ങൾ വാങ്ങിയെന്നായിരുന്നു വെളിപ്പെടുത്തൽ. നാഷണൽ സെക്യൂരിറ്റി ഏജൻസി (എൻ.എസ്.എ) യിൽനിന്ന് രഹസ്യ വിവരങ്ങൾ ചോർത്തിയതിനെത്തുടർന്ന് റഷ്യയിലെ അജ്ഞാത കേന്ദ്രത്തിൽ കഴിയുകയാണ് എഡ്വേഡ് സ്നോഡൻ. ആധാർ വിവരങ്ങൾ അമേരിക്കൻ ചാര സംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സി.ഐ.എ) ചോർത്തിയിരിക്കാമെന്ന തരത്തിൽ കഴിഞ്ഞവർഷം വിക്കിലീക്സ് വെളിപ്പെടുത്തലുകൾ പുറത്തുവന്നിരുന്നു. അമേരിക്കൻ ടെക്നോളജി കമ്പനിയായ ക്രോസ് മാച്ചിന്റെ സഹായത്തോടെ വിവരങ്ങൾ ചോർത്തിയിരിക്കാമെന്ന സംശയമാണ് ഉന്നയിക്കപ്പെട്ടത്. എന്നാൽ ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി തള്ളിയിരുന്നു. സ്ഥാപിത താല്‍പര്യക്കാരായ ചിലരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്ന് യു.ഐ.ഡി.എ.ഐ വ്യക്തമാക്കിയിരുന്നു.