കൊൽക്കത്ത- കാമുകനൊപ്പം പോയി ആറുമാസം കഴിഞ്ഞ് തിരിച്ചെത്തിയ വീട്ടമ്മയെ നാട്ടുകാർ മർദ്ദിച്ച് നഗ്‌നയാക്കി നടത്തിച്ചു. പശ്ചിമബംഗാളിലെ ആലിപ്പൂർദുർ ജില്ലയിലാണ് സംഭവം. 35കാരിയായ യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളയുകയായിരുന്നു. തൊട്ടടുത്ത ഗ്രാമത്തിലെ യുവാവാണ് കാമുകൻ. പിന്നീട് ആറുമാസങ്ങൾക്ക് ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് തിരികെയെത്തുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാർ യോഗം ചേർന്നു. മുതിർന്ന പൗരന്മാരായ പ്രമാണിമാർ ഇക്കാര്യത്തിൽ കർശന നിലപാടെടുക്കുകയായിരുന്നു. ഇത്തരം ചെയ്തികൾ അനുവദിച്ചു കൂടെന്നും മാതൃകാപരമായി യുവതിയെ ശിക്ഷിക്കണമെന്നും ഗ്രാമകോടതി തീരുമാനിച്ചു. യുവതിയെ നഗ്ഗനയാക്കി ഗ്രാമത്തിലൂടെ നടത്തിക്കാമെന്ന ശിക്ഷ സംഘം വിധിച്ച് നടപ്പാക്കുകയായിരുന്നു. യുവതിയെ ക്രൂരമായി മർദ്ദിക്കുകയും നഗ്‌നയാക്കി നടത്തിക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് മനുഷ്യമനസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. നാണക്കേട് സഹിക്ക വയ്യാതെ യുവതി അയൽ സംസ്ഥാനമായ അസമിലെ മാതാപിതാക്കളുടെ വീട്ടിൽ അഭയം തേടി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് തിങ്കളാഴ്ച ആറുപേരെ അറസ്റ്റുചെയ്തു.