ഗുവാഹത്തി- ധോക്ക്‌ലാം അതിർത്തി തർക്കം കെട്ടടങ്ങുന്നതിനിടെ ചൈനയുടെ ഭാഗത്ത് നിന്നും വീണ്ടും അതിർത്തി ലംഘന ശ്രമം. അരുണാചൽ പ്രദേശിലെ ടൂടിങ് മേഖലയിൽ അതിർത്തി നിയന്ത്രണ രേഖ മറികടന്ന് റോഡു നിർമ്മണ സാമഗ്രികളുമായി അരുണാചലിലെത്താനുള്ള ചൈനീസ് റോഡു നിർമ്മാണ സംഘത്തെ ഇന്ത്യൻ സൈന്യം തടഞ്ഞു. ഇന്ത്യൻ അതിർത്തിക്കുള്ളിൽ പാത പണിയാനുള്ള ചൈനീസ് ശ്രമമാണ് കരസേനയും ഇന്തോ ടിബറ്റൻ ബോർഡർ പോലീസും ചേർന്ന് പരാജയപ്പെടുത്തിയത്. ചൈനയിൽ നിന്നുള്ള റോഡ് പണിക്കാരെ തിരിച്ചയച്ചെങ്കിലും ഇവരുടെ പക്കലുണ്ടായിരുന്ന റോഡ് നിർമ്മാണ സാമഗ്രികൾ ഇന്ത്യൻ സേന പിടിച്ചെടുത്തു.
ഡിസംബർ 26നാണ് ഈ സംഭവം നടന്നതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് റോഡ് നിർമ്മാണ സംഘത്തിന് ചൈനീസ് സൈന്യത്തിന്റെ അകമ്പടി ഉണ്ടായിരുന്നില്ല. പ്രദേശ വാസികളാണ് ചൈനീസ് സംഘത്തെ ആദ്യം കണ്ടത്. ഇവർ സൈന്യത്തെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഡിസംബർ 28നാണ് സൈന്യം രണ്ട് പട്രോൾ സംഘത്തെ അയച്ച് ഇവരോട് തിരികെ പോകാൻ ആവശ്യപ്പെട്ടത്. രണ്ടു മണ്ണുമാന്തി യാന്ത്രങ്ങൾ അടക്കം ഇവരുടെ പക്കലുണ്ടായിരുന്ന ഉപകരണങ്ങളും സാമഗ്രികളും പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ഇരു രാജ്യങ്ങളുടേയും പ്രതിനിധികളടങ്ങുന്ന സംഘം വിഷയം രമ്യമായി പരിഹരിച്ചു.