Sorry, you need to enable JavaScript to visit this website.

മമ്മൂട്ടി ആരാധകരുടെ സൈബര്‍ ആക്രമണത്തിന് മറുപടിയുമായി വനിതാ കൂട്ടായ്മ

കൊച്ചി- കസബ വിവാദവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ലേഖനം തങ്ങളുടെ നിലപാടല്ലെന്നും ഓണ്‍ലൈന്‍ മീഡിയയില്‍ വന്ന ലേഖനം ഷെയര്‍ ചെയ്തതാണെന്നും സിനിമയിലെ വനിതാ കൂട്ടായ്മ വിശദീകരിച്ചു. മമ്മൂട്ടിയെ വിമര്‍ശിക്കുന്ന
ലേഖനം 'വിമന്‍ ഇന്‍ സിനിമ കലക്ടീവി'ന്റെ പേജില്‍ ഷെയര്‍ ചെയ്യുകയും പിന്‍വലിക്കുകയും ചെയ്തിരുന്നു.   പേജില്‍ സൈബര്‍ ആക്രമണം വർധിച്ച പശ്ചാത്തലത്തിലാണ് വിശദീകരണ കുറിപ്പ് പ്രസിദ്ധീകരിച്ചത്. സംഘടനയുടെ ഫേസ് ബുക്ക് പേജിന്റെ റേറ്റിങ് കുറച്ചു കൊണ്ടുള്ള പ്രതിഷേധമാണ് തുടരുന്നത്.
ഡിലീറ്റ് ചെയ്ത പോസ്റ്റിലെ അഭിപ്രായങ്ങള്‍ തങ്ങളുടെതല്ലെന്ന് പറയുന്ന ഡബ്ല്യുസിസി, മലയാള സിനിമയില്‍ സ്ത്രീപുരുഷ സൗഹൃദം നിലനിര്‍ത്തണം എന്നതാണ് ലക്ഷ്യമെന്നും വ്യക്തമാക്കുന്നു. ആരുടെയും വികാരങ്ങളെ മുറിവേല്‍പ്പിക്കുക എന്നത് ഉദ്ദേശ്യമായിരുന്നില്ല. എഫ്ബി പേജിന്റെ റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിര്‍ണയിക്കുന്നത്. മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങളെയോ ആശയങ്ങളെയോ ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ലെന്നും കുറിപ്പില്‍ വിശദമാക്കുന്നു. 

കുറിപ്പിന്റെ പൂര്‍ണരൂപം:  

ഞങ്ങള്‍ക്കൊപ്പമുള്ള സുഹൃത്തുക്കള്‍ അറിയുവാന്‍, 

എഫ്ബി പേജിന്റെ റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിര്‍ണയിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. എങ്കിലും വീണ്ടുമൊരു സൈബര്‍ ആക്രമണത്തിന് കാരണമായ പോസ്റ്റിനെ കുറിച്ച് ഞങ്ങളുടെ കൂടെ എപ്പോഴും നില്‍ക്കുന്നവര്‍ക്കായി വിശദീകരിക്കേണ്ടതുണ്ടെന്നു തോന്നുന്നു. കഴിഞ്ഞദിവസം ഓണ്‍ലൈന്‍ മീഡിയയില്‍ വന്ന ഒരു പോസ്റ്റ് (ഡെയ്‌ലി ഒ യില്‍ ആനന്ദ് കൊച്ചുകുടി എഴുതിയത്) മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെ പരാമര്‍ശിച്ചു കൊണ്ട് ഉദാഹരണമായി പ്രമുഖ നടന്‍മാരുടെ പേരെടുത്തു പരാമര്‍ശിച്ചു കൊണ്ടുള്ള ലേഖനം ഞങ്ങളുടെ പേജില്‍ ഷെയര്‍ ചെയ്യുകയുണ്ടായി. 

അത് ഞങ്ങള്‍ എഴുതിയതാണെന്ന് തെറ്റിദ്ധരിച്ച് വ്യാപകമായ ആക്രമണം ഉണ്ടായി. തുടര്‍ന്ന് ഞങ്ങളത് ഡിലീറ്റ് ചെയ്തു. കാരണം അതില്‍  എഴുതിയിരുന്ന അഭിപ്രായങ്ങള്‍ ഞങ്ങളുടെത് അല്ല എന്നതു കൊണ്ടു തന്നെ. മലയാള സിനിമാലോകത്ത് സൗഹാര്‍ദപരമായ സ്ത്രീപുരുഷ സൗഹൃദം നിലനിര്‍ത്തണം എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ആരുടെയും വികാരങ്ങളെ മുറിവേല്‍പ്പിക്കുക എന്നത് ഞങ്ങളുടെ ഉദ്ദേശ്യമായിരുന്നില്ല. ഞങ്ങള്‍ മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങളെയോ ആശയങ്ങളെയോ ഈ ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല. ഞങ്ങളൊടൊപ്പം കൈകോര്‍ത്തു നില്‍ക്കുന്ന നിങ്ങള്‍ക്കെല്ലാം ഒരിക്കല്‍കൂടി നന്ദി. 

 

Latest News