കോഴിക്കോട്- ലൈംഗികാരോപണങ്ങളില്‍ മാപ്പു ചോദിച്ച് രംഗത്തുവന്ന റാപ്പര്‍ വേടനെ അഭിനന്ദിച്ച സെലിബ്രിറ്റികള്‍ അടക്കമുള്ളവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശം. തനിക്ക് നേരെ ഉയര്‍ന്ന എല്ലാം വിമര്‍ശനങ്ങളും താഴ്മയോടെ ഉള്‍ക്കൊള്ളുകയും നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നുവെന്ന് വേടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അനീതി നേരിടുന്ന എല്ലാവരോടും ഒപ്പം നിലയുറപ്പിക്കേണ്ട തന്നില്‍ നിന്ന് സ്ത്രീവിരുദ്ധമായ പെരുമാറ്റം ഉണ്ടാകരുതായിരുന്നു. അതോടെ നീതിയെ കുറിച്ചു പറയാനുള്ള അവകാശമാണ് താന്‍ നഷ്ടമാക്കിയതെന്നും വേടന്‍ പറഞ്ഞു.
ഈ മാപ്പപേക്ഷയ്ക്ക് പിന്നാലെയാണ് വേടന് പിന്തുണ അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയത്. വേടന്‍ പങ്കുവച്ച പോസ്റ്റിന് മലയാള സിനിമയിലെ പല സെലിബ്രിറ്റികളും ലൈക്ക് ചെയ്തു.
ലൈക്കിനു പോലും കൃത്യമായ രാഷ്ട്രീയമാനമുണ്ടെന്ന് പറയുന്ന ഇവര്‍ ഈ പ്രവൃത്തിയിലൂടെ ഇരയ്‌ക്കൊപ്പമല്ല, മാപ്പ് ഇരന്ന് പോസ്റ്റിടുന്നതിലൂടെ പ്രതിക്കൊപ്പമാണ് തങ്ങളെന്നല്ലേ തെളിയിച്ചതെന്ന് സംവിധായകന്‍ ഒമര്‍ ലുലു ചോദിച്ചു. ഇരയാകുന്ന സ്ത്രീകളെ ഉപയോഗപ്പെടുത്തി മാര്‍ക്കറ്റ് കൂട്ടുകയും ഇഷ്ടക്കാര്‍ പീഡന വിഷയത്തില്‍ ഉള്‍പ്പെടുമ്പോള്‍ ഈ ഇരപക്ഷപാതം ആവിയായിപ്പോവുകയും ചെയ്യുന്നവരെ പുരോഗമന കോമാളികളെന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
ഫെമിനിസവും തുല്യനീതിയും ആവശ്യപ്പെടുകയും ഇരയ്ക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്ന സെലിബ്രിറ്റികളുടെ ഇരട്ടത്താപ്പ് വ്യക്തമായെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ വൈരമുത്തുവിനെതിരേയും മറ്റും ഇക്കൂട്ടര്‍ രംഗത്ത് വന്നതും പലരും ചൂണ്ടിക്കാണിക്കുന്നു.
നാളെ സമാനമായി ഏതെങ്കിലും പീഡനത്തില്‍ പ്രതിയാകുന്നവര്‍ മാപ്പ് പറഞ്ഞ് രംഗത്തുവന്നാല്‍ ഇത്തരത്തില്‍ ചേര്‍ത്തുപിടിക്കുമോ എന്നും ഇവര്‍ ചോദിക്കുന്നു. എത്ര മാപ്പ് പറഞ്ഞാലും ചെയ്ത വൃത്തികേട് റദ്ദ് ചെയ്യപ്പെടുന്നില്ലെന്നും ഇവര്‍ പറയുന്നു.