Sorry, you need to enable JavaScript to visit this website.

ചിരാഗിനെതിരെ അമ്മാവന്റെ പടയൊരുക്കം; എല്‍ജെപി എംപിമാര്‍ പാര്‍ട്ടി അധ്യക്ഷനെ കൈവിട്ടു, ജെഡിയുവിലേക്കെന്ന് സൂചന

ന്യൂദല്‍ഹി- അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടി എംപിമാരും ഉന്നത നേതാക്കളും പാര്‍ട്ടിയുടെ ഇപ്പോഴത്തെ ദേശീയ അധ്യക്ഷനും പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാനെതിരെ പടയൊരുക്കം തുടങ്ങി. എട്ടു മാസം മുമ്പ് പിതാവിന്റെ മരണത്തെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനത്തെത്തിയ യുവനേതാവ് ചിരാഗിനെതിരെ പടനയിക്കുന്നത് സ്വന്തം അമ്മാവന്‍ പശുപതി കുമാര്‍ പരാസ് എംപി തന്നെയാണ്. എല്‍ജെപിയുടെ ആറ് എംപിമാരില്‍ പശുപതി കുമാറിന്റെ നേതൃത്വത്തില്‍ അഞ്ചു പേരും തങ്ങളെ പ്രത്യേക ഗ്രൂപ്പായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയതോടെ എംപി കൂടിയായ പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് തീര്‍ത്തും ഒറ്റപ്പെട്ടു.

പാര്‍ട്ടി സ്ഥാപകന്‍ രാം വിലാസ് പാസ്വാന്റെ ഇളയ സഹോദരനായ പശുപതി കുമാര്‍ പരാസും ചിരാഗും തമ്മില്‍ കുറച്ച് നാളായി സുഖകരമായ ബന്ധമായിരുന്നില്ല. ഇരുവരും പരസ്പരം സംസാരിച്ചിട്ടു പോലും ഏറെ നാളായി. കത്തുകളിലൂടെയായിരുന്നു ബന്ധപ്പെട്ടിരുന്നത്. പാര്‍ട്ടിയെ രക്ഷിക്കാനാണ് അഞ്ച് എംപിമാര്‍ ഒന്നിച്ചു തീരുമാനമെടുത്തതെന്നും പാര്‍ട്ടിയെ പിളര്‍ത്തുകയല്ല, രക്ഷിക്കുകയാണെ് ചെയ്തതെന്നും പശുപതി കുമാര്‍ പ്രതികരിച്ചു. ചിരാഗ് തന്റെ മരുകനും പാര്‍ട്ടി ദേശീയ അധ്യക്ഷനുമാണ്. അതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അട്ടിമറി നീക്കത്തിനു പിന്നാലെ തിങ്കളാഴ്ച രാവിലെ ചിരാഗ് അമ്മാവന്‍ പശുപതി കുമാറിന്റെ വീട്ടില്‍ എത്തി.

കഴിഞ്ഞ വര്‍ഷം ബിഹാറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ എന്‍ഡിഎയില്‍ നിന്നും അടര്‍ത്തി ഒറ്റയ്ക്ക് മത്സരിപ്പിച്ച് കനത്ത പരാജയെ ഏറ്റുവാങ്ങിയതു മുതല്‍ ചിരാഗിനെതിരെ മുറുമുറുപ്പ് ആരംഭിച്ചിരുന്നു. പാര്‍ട്ടിയുടെ ഏക എംഎല്‍എ ഈയിടെ ജെഡിയുവില്‍ ചേരുകയും ചെയ്തു. ചിരാഗിന്റെ നിലപാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാക്കിയത് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിനായിരുന്നു. ഇപ്പോള്‍ നിതീഷിനെ പ്രകീര്‍ത്തിച്ച് ചിരാഗിന്റെ അമ്മാവന്‍ പശുപതി കുമാര്‍ രംഗത്ത് വന്നത് ഈ അട്ടിമറിക്കു പിന്നില്‍ നിതീഷിന്റെ ചരടുവലികളുണ്ടോ എന്ന സംശയത്തിനു കാരണമായിട്ടുണ്ട്.

എല്‍ജെപിയിലെ ഈ പിളര്‍പ്പ് ഉറപ്പായിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. പാസ്വാന്‍ കുടുംബവുമായി അടുപ്പമുള്ള ജെഡിയു എംപിമാരായ മഹേശ്വര്‍ ഹസാരി, ലാലന്‍ സിങ് എന്നിവര്‍ മുഖേന നിതീഷ് എല്‍ജെപി എംപിമാരെ അടര്‍ത്തിമാറ്റാനുള്ള നീക്കങ്ങളെ പിന്തുണച്ചിരുന്നതായും റിപോര്‍ട്ടുണ്ട്. ചിരാഗ് പാസ്വാന്റെ കസിന്‍ കൂടിയായ പ്രിന്‍സ് രാജ്, ചന്ദന്‍ സിങ്, വീണ ദേവി, മെഹബൂബ് അലി കൈസര്‍ എന്നീ വിമത എല്‍ജെപി എംപിമാര്‍ വൈകാതെ നിതീഷ് കുമാറിന്റെ ജെഡിയുവിലേക്ക് കളംമാറിയേക്കുമെന്നും സൂചനയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വച്ച പാരയ്ക്ക് ചിരാഗിന് നിതീഷിന്റെ പ്രതികാര നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ കാണുന്നത്. 

പാര്‍ട്ടി സ്ഥാപകന്‍ രാംവിലാസ് പാസ്വാന്‍ 2020 ഒക്ടോബര്‍ എട്ടിന് മരിച്ചതിനു നാലാം ദിവസം മുതല്‍ തന്നെ എല്‍ജെപിയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. ഒരു പ്രസ്താവനയുടെ പേരില്‍ അമ്മാവന്‍ പശുപതി കുമാറിനെ പുറത്താക്കുമെന്ന് ചിരാഗ് ഭീഷണിപ്പെടുത്തിയതോടെയാണ് പോരിന് തുടക്കമായത്. അമ്മാവന്‍ എന്റെ രക്തമല്ല എന്ന ചിരാഗിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ചിരാഗിന് ഇനി ഇങ്ങനെ ഒരു അമ്മാവനില്ല എന്നായിരുന്നു ഇതിനോട് പശുപതി കുമാറിന്റെ പ്രതികരണം. ചിരാഗില്‍ നിന്നേറ്റ ഈ അപമാനം പശുപതിയെ ഏറെ വേദനിപ്പിച്ചിരുന്നതായും അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഇതോടൊപ്പം തന്റെ കസിന്‍ കൂടിയായ യുവ നേതാവ് പ്രിന്‍സ് രാജും കൈവിട്ടത് ചിരാഗിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

Latest News