അവതാരകയായും നായികയായും താരപത്‌നിയുമായെല്ലാം 15 വര്‍ഷമായി സിനിമാ ലോകത്തും പ്രേക്ഷകരുടെ ഹൃദയത്തിലും കുടികൊള്ളുന്ന നടിയാണ് നസ്രിയ.
ഭര്‍ത്താവ് ഫഹദ് സിനിമയില്‍ വന്നത് പോലും വീട്ടിലെ ഓമനപ്പേരായ ഷാനു എന്നറിയപ്പെട്ടു കൊണ്ടാണ്. 'കയ്യെത്തും ദൂരത്ത്' സിനിമയില്‍ ഫാസില്‍ മകനെ ആദ്യമായി നടനായി അവതരിപ്പിച്ചത് അങ്ങനെയാണ്. പക്ഷെ നസ്രിയ്ക്ക് മറ്റേതെങ്കിലും വിളിപ്പേരുള്ളതായി അറിയാമോ? ആ പേര് ഇപ്പോള്‍ വിളിച്ചിരിക്കുന്നത് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ ആണ്
വിസ്മയ ആദ്യമായി എഴുതി പ്രസിദ്ധീകരിച്ച 'ഗ്രെയ്‌ന്‌സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന കവിതാ സമാഹാരം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. സിനിമാലോകത്ത് കുട്ടിക്കാലം മുതലുള്ള തന്റെ പ്രിയപ്പെട്ടവര്‍ക്ക് സ്വന്തം കൈപ്പടയിലെ വരികളും ചേര്‍ത്ത് മായ ഓരോ കോപ്പികള്‍ അയക്കുകയും ചെയ്തു. ഒരു കോപ്പി ലഭിച്ചത് ഷാനു ചേട്ടന്‍ എന്ന് മായ വിളിക്കുന്ന ഫഹദിന്റെ കുടുംബത്തിനാണ്. നസ്രിയക്കും ഫഹദിനും ചേര്‍ത്താണ് മായയുടെ കുറിപ്പ്.
ഷാനു ചേട്ടനും 'നസായ രായ'ക്കുമാണ് മായ പുസ്തകം സമ്മാനിച്ചത്. പുസ്തകം ഇഷ്ടപ്പെടും എന്ന പ്രതീക്ഷയോടു കൂടിയാണ് മായ വരികള്‍ കുറിച്ചത്. അല്‍പ്പം വൈകിയാണെങ്കിലും നസ്രിയ വായിച്ച് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.
നസ്രിയ തെലുങ്ക് സിനിമയുടെ തിരക്കുകളിലാണ്. നാനി നായകനാവുന്ന സിനിമയാണിത്. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം എന്ന പ്രത്യേകതയുമുണ്ട്. 'അന്റെ സുന്ദരനിക്കി' എന്നാണ് ചിത്രത്തിന് പേര്.