Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലക്ഷദ്വീപിൽ കോവിഡ് കൂടാൻ കാരണം റമദാൻ, പരിഷ്‌കാരങ്ങൾ പിൻവലിക്കില്ലെന്ന് പട്ടേൽ

ന്യൂദൽഹി- ലക്ഷദ്വീപിൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ പിൻവലിക്കില്ലെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഘോഡ പട്ടേൽ. ലക്ഷദ്വീപിൽ വികസനത്തിന് വേണ്ടിയാണ് ശ്രമം നടത്തുന്നതെന്നും ഘോഡ പട്ടേൽ അവകാശപ്പെട്ടു. കോവിഡ് കേസുകൾ ഉയരാൻ കാരണം റമദാൻ സമയത്ത് ആളുകൾ കേരളത്തിൽ പോയി ഷോപ്പിംഗ് നടത്തിയതു കൊണ്ടാണെന്നും പട്ടേൽ വ്യക്തമാക്കി. ലക്ഷദ്വീപിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിനോദ സഞ്ചാരികൾ എത്തുമെന്നും ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പട്ടേൽ വ്യക്തമാക്കി. വിവാദങ്ങൾക്കിടെ അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും. ലക്ഷദ്വീപിൽ എത്തുന്ന ഇന്ന് സമ്പൂർണ കരിദിനമായി ആചരിക്കാൻ സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു. ഇന്ന്  രാത്രി കൃത്യം 9 മണിക്ക് ലക്ഷദ്വീപിലെ എല്ലാ വീടുകളിലും വിളക്കണച്ച് മെഴുകുതിരി കത്തിച്ച് പ്ലൈറ്റും ചിരട്ടയും കൊട്ടി 'ഗോ പട്ടേൽ ഗോ' എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധം സംഘടിപ്പിക്കണമെന്നാണ് ആഹ്വനം.  നാട്ടുകാർ കറുത്ത വസ്ത്രങ്ങളും കറുത്ത മാസ്‌കുകളും കറുത്ത ബാഡ്ജുകളും ധരിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കും. ലക്ഷദ്വീപിലെ എല്ലാ വീടുകളിലും കറുത്ത കൊടികൾ ഉയരും.  കരിനിയമങ്ങൾക്കെതിരെ പ്ലേക്കാഡുകളും ഉയർത്തും. സമരപരിപാടികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പരമാവധി പ്രചരിപ്പിക്കാനും ആഹ്വാനമുണ്ട്. കോവിഡ് മാനദണ്ഡം പൂർണ്ണമായും പാലിച്ചായിരിക്കും പ്രതിഷേധം.
അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യത്തിനെതിരെ ദ്വീപ് ജനത ഒറ്റക്കെട്ടായി നടത്തുന്ന സമരംപരിപാടികൾ ഇതിനകം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഉപവാസ സമരത്തിന്റെ അടുത്ത പടിയായാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ദ്വീപിലേക്ക് കാല് കുത്തുന്ന ദിവസം കരിദിനമായി ആചരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റർ പുറത്തിറക്കിയ ജനദ്രോഹ ഉത്തരവുകൾ പിൻവലിക്കുക, അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കുക എന്നീ ആവശ്യങ്ങളിൽ നിന്ന് പിന്നോക്കം പോകില്ലെന്ന് ഫോറം വ്യക്തമാക്കി.
സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബിജെപിയെ പുറത്താക്കണമെന്ന് ശക്തമായ അഭിപ്രായമുയർന്നിട്ടുണ്ട്. ദ്വീപുതല കമ്മറ്റികളുടെ അഭിപ്രായമാരാഞ്ഞ ശേഷം ബി ജെ പിയെ സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിലനിർത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഫോറം നേതൃത്വം വ്യക്തമാക്കി. എല്ലാ ദ്വീപുകളിലെയും കമ്മറ്റികൾ ബിജെപിയുടെ രാജ്യദ്രോഹക്കേസിൽ രോഷാകുലരാണ്. ഫോറത്തിൽ നിന്നും ബിജെപി താമസിയാതെ പുറത്തുപോകും എന്നാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന വിവരം. 
കഴിഞ്ഞ  ദിവസം ചേർന്ന ഫോറത്തിന്റെ ഓൺലൈൻ യോഗത്തിൽ പങ്കെടുത്ത ബി ജെ പി പ്രതിനിധികൾ ഐഷ സുൽത്താനെതിരായ രാജ്യദ്രോഹ പരാതി പിൻവലിക്കാൻ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും നേതൃത്വം അനുകൂലമായി പ്രതികരിക്കുന്നില്ലെങ്കിൽ ബി ജെ പി പ്രതിനിധികൾ കോർ കമ്മറ്റിയിൽ നിന്ന് മാറിനിൽക്കുമെന്നും അറിയിച്ചു. ചെത്‌ലാത് സ്വദേശിയായ ചലച്ചിത്രപ്രവർത്തക ഐഷ സുൽത്താനെതിരെ രാജ്യദ്രോഹക്കേസ് കൊടുത്ത ബി ജെ പി നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി, വഖഫ് ബോർഡ് അംഗം, വിവിധ ദ്വീപുകളിലെ ഭാരവാഹികൾ എന്നിവരടക്കം ബി ജെ പിയിൽ കഴിഞ്ഞ ദിവസം കൂട്ടത്തോടെ രാജിവെച്ചിരുന്നു.

Latest News