Sorry, you need to enable JavaScript to visit this website.

കല്‍ക്കരിപ്പാടം അഴിമതി: മധു കോഡയുടെ തടവും പിഴയും സ്റ്റേ ചെയ്തു

ന്യൂദല്‍ഹി- കല്‍ക്കരിപ്പാടം അഴിമതി കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡയ്ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി നടപടി ദല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കൊല്‍ക്കത്തയിലെ വിനി അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡിന് (വി.ഐ.എസ്.യു.എല്‍) രാജ്ഹറയിലെ കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയാണ് മധുകോഡയ്ക്ക് മൂന്ന് വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും പ്രത്യേക സി.ബി.ഐ കോടതി കഴിഞ്ഞമാസം വിധിച്ചത്. ഇതിനെതിരായ അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ് അനു മല്‍ഹോത്ര അധ്യക്ഷയായ ബെഞ്ച് ശിക്ഷ സ്‌റ്റേ ചെയ്ത് കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന 22 വരെ മധുകോഡയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. രാജ്യം വിട്ടുപോകരുതെന്ന ഉപാധിയിലാണ് ജാമ്യം. മധുകോഡയുടെ അപ്പീലില്‍ സി.ബി.ഐയുടെ വിശദീകരണം തേടി കോടതി നോട്ടീസ് അയച്ചു.

വി.ഐ.എസ്.യു.എല്‍ കമ്പനിക്ക് വിചാരണ കോടതി വിധിച്ച 50 ലക്ഷം രൂപ പിഴയും നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിക്കാന്‍ കോഡയും ഉദ്യോഗസ്ഥരും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. മധു കോഡയ്ക്ക് പുറമേ കല്‍ക്കരിവകുപ്പ് വകുപ്പ് മുന്‍ സെക്രട്ടറി എച്ച്.സി.ഗുപ്ത, ജാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി എ.കെ.ബസു, മധുകോഡയുടെ വിശ്വസ്തനായ വിജയ് ജോഷി എന്നിവര്‍ക്കും പ്രത്യേക കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അപ്പീല്‍ നല്‍കുന്നതിന് പ്രതികള്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

Latest News