ന്യൂദൽഹി- പുരുഷതുണയില്ലാതെ സ്ത്രീകൾക്ക് ഹജിന് പോകാൻ അനുമതി നൽകിയത് കേന്ദ്ര സർക്കാറാണെന്ന പ്രധാനമന്ത്രി മോഡിയുടെ അവകാശവാദവും തെറ്റ്. സൗദി അറേബ്യ നിയമത്തിൽ അനുവദിച്ച ഇളവിനെ തുടർന്നാണ് അടുത്ത ബന്ധുവായ പുരുഷനില്ലാതെ 45 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് ഹജിന് പോകാൻ വഴിയൊരുങ്ങിയത്. എന്നാൽ, കഴിഞ്ഞ ഞായറാഴ്ച്ച നടത്തിയ മൻകി ബാത്തിൽ സ്ത്രീകൾക്ക് പുരുഷൻമാരുടെ തുണയില്ലാതെ ഹജിന് പോകാനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയെന്നായിരുന്നു മോഡി അവകാശപ്പെട്ടത്. 45 വയസ് പിന്നിട്ട സ്ത്രീകൾക്ക് പുരുഷന്റെ തുണയില്ലാതെ ഹജിന് വരാനാകുമെന്നാണ് സൗദി നൽകിയ ഇളവ്. ഇതനുസരിച്ച് പിതാവ്, സഹോദരൻ, മകൻ ഇവരിൽ ആരെങ്കിലും സാക്ഷ്യപത്രം നൽകിയാൽ ഗ്രൂപ്പുകൾക്കൊപ്പം ഹജിന് പോകാമെന്നാണ് സൗദി ഇളവ് നൽകിയത്. സൗദിയുമായി ഉഭയകക്ഷി കരാറുള്ള രാജ്യങ്ങളിൽനിന്നാണ് ഇത്തരത്തിൽ ഹജിന് വരാനുള്ള അവസരം നൽകിയത്. എന്നാൽ എഴുപത് വർഷമായി തുടരുന്ന വിവേചനമാണ് കേന്ദ്ര സർക്കാർ ഇല്ലാതാക്കിയത് എന്നായിരുന്നു മോഡിയുടെ അവകാശവാദം.
മോഡി മൻകിബാത്തിൽ മോഡി പറഞ്ഞത്
ചില കാര്യങ്ങൾ കാഴ്ചയ്ക്ക് വളരെ ചെറുതായി തോന്നാമെങ്കിലും ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ വ്യക്തിത്വത്തിന്റെ മേൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്നു. ഇന്ന് മൻ കീ ബാത്തിന്റെ ഈ പരിപാടിയിൽക്കൂടി ഞാൻ നിങ്ങളുമായി അങ്ങനെയൊരു കാര്യം പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. ഒരു മുസ്ലീം സ്ത്രീ ഹജ് യാത്രയ്ക്കായി പോകാനാഗ്രഹിക്കുന്നു, പക്ഷേ മഹ്റം, അതായത് പുരുഷസംരക്ഷണയില്ലാതെ അവർക്കുപോകാൻ സാധിക്കില്ല എന്ന വിവരം എന്റെ ശ്രദ്ധയിൽ പെട്ടു. ഇതെക്കുറിച്ച് ആദ്യമായി കേട്ടപ്പോൽ ഇതെങ്ങനെ ഇങ്ങനെയാകും എന്നാണു ചിന്തിച്ചത്. ഇങ്ങനെയൊരു നിയമം ആരുണ്ടാക്കിയതാകും? ഈ തരംതിരിവ് എന്തുകൊണ്ട്? അതിന്റെ പശ്ചാത്തലം അന്വേഷിച്ചപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടുപോയി. സ്വാതന്ത്ര്യം കിട്ടി 70 വർഷത്തിനുശേഷവും ഇങ്ങനെയൊരു നിയന്ത്രണം വച്ചിരിക്കുന്നത് നമ്മൾ തന്നെയാണ്. ദശകങ്ങളായി മുസ്ലീം സ്ത്രീകളോട് അനീതി നടക്കുകയായിരുന്നു, പക്ഷേ, ആരും ഇതെക്കുറിച്ച് ചർച്ച പോലും ചെയ്തില്ല. പല ഇസ്ലാമിക രാജ്യങ്ങളിൽ പോലും ഇങ്ങനെയുള്ള നിയമമില്ല. പക്ഷേ, ഭാരതത്തിലെ മുസ്ലീം സ്ത്രീകൾക്ക് പുരുഷതുണയില്ലാതെ ഹജിനു പോകാനുള്ള അവകാശമില്ലായിരുന്നു. നമ്മുടെ സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തി. നമ്മുടെ ന്യൂനപക്ഷ കാര്യ മന്ത്രാലയം വേണ്ട നടപടികളെടുത്തു, എഴുപതു വർഷമായി നടന്നു വരുന്ന രീതി അവസാനിപ്പിച്ച്, ഈ നിയന്ത്രണം എടുത്തുകളഞ്ഞു. ഇന്ന് മുസ്ലീം സ്ത്രീകൾക്ക് മഹ്റം കൂടാതെതന്നെ ഹജിനു പോകാം. ഇപ്രാവശ്യം ഏകദേശം 1300 സ്ത്രീകൾ മഹഹ്റം ഇല്ലാതെ ഹജ്ജിനു പോകാൻ അപേക്ഷ നല്കിയിരിക്കുന്നു എന്നതിൽ എനിക്കു സന്തോഷമുണ്ട്. രാജ്യത്തിന്റെ പല പല ഭാഗങ്ങളിൽ നിന്നും, കേരളം മുതൽ വടക്കേയറ്റം വരെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഉത്സാഹത്തോടെ ഹജ്ജ്് യാത്രയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. ഒറ്റയ്ക്കു പോകുവാൻ അപേക്ഷ നല്കുന്ന എല്ലാ സ്ത്രീകൾക്കും ഹജ്ജിനു പോകാനുള്ള അനുവാദം നല്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് ഞാൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്. പൊതുവെ ഹജ് യാത്രയ്ക്ക് നറുക്കിട്ടാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. ഒറ്റയ്ക്ക് പോകാൻ അപേക്ഷ നല്കുന്ന സ്ത്രീകളെ ഈ നറുക്കെടുപ്പിൽ നിന്ന് ഒഴിവാക്കണമെന്നും അവരെ പ്രത്യേകവിഭാഗമായി പരിഗണിച്ച് അവസരം നല്കണമെന്നുമാണ് ഞാനാഗ്രഹിക്കുന്നത്. ഭാരതത്തിന്റെ വികസനയാത്ര, നമ്മുടെ സ്ത്രീശക്തിയുടെ ബലത്തിൽ, അവരുടെ പ്രതിഭയുടെ അടിസ്ഥാനത്തിൽ മുന്നേറിയിട്ടുണ്ട്. ഇനിയും മുന്നേറുകതന്നെ ചെയ്യും എന്ന് ഞാൻ ഉറച്ച വിശ്വാസത്തോടെ പറയുന്നു. നമ്മുടെ സ്ത്രീകൾക്കും പുരുഷന്മാർക്കു തുല്യമായ അവകാശങ്ങൾ ലഭിക്കണമെന്നും, തുല്യമായ അവസരങ്ങൾ ലഭിക്കണമെന്നും ഞാനാഗ്രഹിക്കുന്നു. പുരോഗതിയുടെ പാതയിൽ ഒരുമിച്ചു മുന്നേറാനുമാകണം നമ്മുടെ നിരന്തരമുള്ള പരിശ്രമം.
മോഡിയുടെ അവകാശവാദത്തിനെതിരെ നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. മറ്റൊരു രാജ്യം നൽകിയ ഇളവ് സ്വന്തം പേരിലാക്കി മോഡി വീണ്ടും അപഹാസ്യനാകുനനുവെന്നാണ് പ്രധാനവിമർശനം.