ന്യൂദല്‍ഹി- പാക്കിസ്ഥാനില്‍നിന്ന് അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനുള്ള എല്ലാ സാധ്യതകളും തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.
നിഷ്പക്ഷമായ ഒരു വേദിയില്‍ പോലും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം നടക്കില്ലെന്നാണു മന്ത്രി വ്യക്തമാക്കിയത്. ഇപ്പോള്‍ ഒരു ക്രിക്കറ്റ് നയതന്ത്രത്തിനു പറ്റിയ സമയമല്ലെന്ന് വിദേശകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതി യോഗത്തില്‍ സുഷമ വ്യക്തമാക്കി.
അതിര്‍ത്തി കടന്നുള്ള ഭീകരവാദവും വെടിവെപ്പും അവസാനിപ്പിച്ചാല്‍ മാത്രമേ ക്രിക്കറ്റ് മത്സരത്തെക്കുറിച്ചു ആലോചിക്കാന്‍പോലും കഴിയൂ എന്നാണു വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ പാക്കിസ്ഥാന്‍ പ്രതിനിധിയെ കണ്ട് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരുടെയും ഇന്ത്യയുടെ തടവില്‍ കഴിയുന്ന പാക്കിസ്ഥാന്‍ സ്വദേശികളുടെയും മോചനം സംബന്ധിച്ച് ശുപാര്‍ശ നല്‍കിയെന്നും സുഷമ വ്യക്തമാക്കി.
70 വയസ്സിനു മുകളിലുള്ളവരെയും സ്ത്രീകളെയും മാനസികാസ്വാസ്ഥ്യമുള്ളവരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടതായും സുഷമ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും തടവില്‍ കഴിയുന്ന 70 വയസിനു മുകളിലുള്ളവരെയും സ്ത്രീകളെയും മാനസികാസ്വാസ്ഥ്യം ബാധിച്ചവരെയും മാനുഷിക പരിഗണനയുടെ പേരില്‍ വിട്ടയക്കണമെന്നാണു ഇന്ത്യ മുന്നോട്ടു വെച്ച ശുപാര്‍ശയിലുള്ളത്. അയല്‍പക്കവുമായുള്ള ബന്ധം എന്ന വിഷയത്തിലാണു വിദേശകാര്യങ്ങള്‍ക്കായുള്ള പാര്‍ലമെന്ററി സമിതിയുടെ യോഗം ചേര്‍ന്നത്.
ഇരു രാജ്യങ്ങള്‍ക്കും തര്‍ക്കമില്ലാത്ത ഒരു നിഷ്പക്ഷ വേദിയില്‍ വെച്ചു ക്രിക്കറ്റ് മത്സരം നടത്തുന്നത് സംബന്ധിച്ച ചോദ്യം യോഗത്തില്‍ ഉയര്‍ന്നിരുന്നു. അപ്പോഴാണു അതിര്‍ത്തി കടന്നുള്ള ഭീകരവാദവും വെടിവെപ്പും പാക്കിസ്ഥാന്‍ അവസാനിപ്പിക്കാതെ ക്രിക്കറ്റ് മത്സരത്തിനു സാധ്യത പോലുമില്ലെന്ന് സുഷമ യോഗത്തില്‍ വ്യക്തമാക്കിയത്. ക്രിക്കറ്റും ഭീകരവാദവും കൈകോര്‍ത്തു പോകാനാകില്ലെന്നു തന്നെ സുഷമ വ്യക്തമായി പറയുകയും ചെയ്തു.
പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ യാദവിനെ സന്ദര്‍ശിച്ച അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും അപമാനിക്കപ്പെട്ടതോടെ ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്.
2012 ഡിസംബറിലാണ് മൂന്നു ഏകദിനത്തിനും രണ്ടു ട്വന്റി ട്വന്റി മത്സരങ്ങള്‍ക്കുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തിയത്. അതിനിടെ അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായതോടെ ഇന്ത്യ പൂര്‍ണമായും പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങളില്‍നിന്നു വിട്ടു നില്‍ക്കുകയാണ്. ആഗോള ടൂര്‍ണമെന്റുകളില്‍ രണ്ടു ടീമുകളെയും ഒരേ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തരുതെന്ന് മുമ്പ് ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു.