ന്യൂദല്‍ഹി- ഇന്ത്യയില്‍നിന്ന് സ്ത്രീകള്‍ക്ക് തനിച്ച് ഹജിനു പോകാന്‍ അനുമതി നല്‍കിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അവകാശവാദം ചോദ്യം ചെയ്ത് മജ്ലിസെ ഇത്തിഹാദുല്‍ മുസ്്ലിമീന് നേതാവ് അസദുദ്ദീന്‍ ഉവൈസിയും ആള് ഇന്ത്യാ മുസ്്ലിം വ്യക്തിനിയമ ബോര്‍ഡ് സെക്രട്ടറി മൗലാനാ അബ്ദുല്‍ ഹമീദ് അസ്്ഹരിയും രംഗത്ത്.
45 വയസ്സുകഴിഞ്ഞാല്‍ രക്തബന്ധു കൂടെ ഇല്ലാത്ത സ്്ത്രീകള്‍ക്കും ഗ്രൂപ്പുകളില്‍ ഹജിനു പോകാമെന്നത് സൗദി അറേബ്യ വര്‍ഷങ്ങള്‍ക്കുമുമ്പേ വ്യക്തമാക്കിയ കാര്യമാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.
പുരുഷനായ രക്തബന്ധു (മഹ്്റം) ഉണ്ടെങ്കില്‍ മാത്രമേ സ്ത്രീകള്‍ക്ക് ഹജിന് പോകാനാകൂയെന്ന നിബന്ധന തന്റെ സര്‍ക്കാര്‍ നീക്കിയെന്നാണ് കഴിഞ്ഞ ദിവസം നടത്തിയ മന്‍കിബാത്ത് റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി മോഡി അവകാശപ്പെട്ടിരുന്നത്.
45 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍നിന്ന് ഇപ്പോള്‍ തന്നെ സൗദി ചട്ടപ്രകാരം ഗ്രൂപ്പുകളില്‍ ഹജിനു പോകുന്നുണ്ടെന്ന് ഹൈദരാബാദ് എം.പി കൂടിയായ അസദുദ്ദീന്‍ ഉവൈസി വാര്‍ത്താ ലേഖകരോട് പറഞ്ഞു.
എല്ലാ കാര്യങ്ങളുടേയും ക്രെഡിറ്റ് എടുക്കുക എന്നത് പ്രധാനമന്ത്രി മോഡി സ്ഥിരം പരിപാടിയാക്കിയിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. നാളെ സൗദി അറേബ്യയില്‍ വനിതകള്‍ വാഹനം ഓടിച്ചു തുടങ്ങിയാല്‍ അതിന്റെ ക്രെഡിറ്റും മോഡി അവകാശപ്പെടുമെന്ന് ഉവൈസി പരിഹസിച്ചു.
മുസ്്ലിം സ്ത്രീകളുടെ കാര്യത്തില്‍ ഇത്രയേറെ ആശങ്കയും താല്പര്യവുമുണ്ടെങ്കില് 2002 ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ എം.പി ഇഹ്്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിക്ക് നീതി ഉറപ്പാക്കുകയാണ് വേണ്ടതെന്ന് ഉവൈസി പറഞ്ഞു. മുസ്്ലിം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തില്‍ ഏഴു ശതമാനം സംവരണം നല്കാന് മോഡി തയാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുള്ള മോഡിക്ക് ഇങ്ങനെയൊരു ബില്‍ പാസാക്കാന്‍ തടസ്സമുണ്ടാകില്ലെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്‍ നിയമമായാല്‍ അതു മുസ്്ലിം സ്ത്രീകള്‍ക്ക് നേരെയുള്ള ഏറ്റവും വലിയ അനീതിയായിരിക്കും. ഇസ്്ലാമില്‍ വിവാഹം ഒരു സിവില്‍ കരാറാണ്. അവിടെ ശിക്ഷാ നടപടിയില്ല. മുത്തലാഖ് വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിച്ച സുപ്രീം കോടതി ഇതിനായി ക്രിമിനല്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മുസ്്ലിം രാജ്യങ്ങള്‍ മുത്തലാഖ് നിരോധിച്ചിട്ടുണ്ടെന്നാണ് മോഡി അവകാശപ്പെടുന്നത്. എന്നാല്‍ അവിടങ്ങളില്‍ ക്രിമിനല്‍ ശിക്ഷാ നടപടി ഇല്ല എന്നതാണ് യാഥാര്‍ഥ്യം. എല്ലാ രീതിയിലുമുള്ള തലാഖ് എടുത്തുകളയാനും മുസ്്ലിംകളില്നിന്ന്് ശരീഅത്ത് പിടിച്ചെടുക്കാനുമാണ് സര്‍ക്കാര്‍ യഥാര്‍ഥത്തില്‍ ഉദ്ദേശിക്കുന്നതെന്ന് ഉവൈസ് പറഞ്ഞു.
മുസ്്ലിം സ്ത്രീ മഹ്്റമില്ലാതെ തനിച്ച് ഹജിനു പോകുന്നത് തീര്‍ത്തും മതപരമായ വിഷയമാണെന്നും ഇതിനുവേണ്ടി പാര്‍ലമെന്റില്‍ നിയമം പാസ്സാക്കാനാവില്ലെന്നുമാണ് പേഴ്സണല്‍ ലോ ബോര്‍ഡ് സെക്രട്ടറി മൗലാനാ അബ്ദുല്‍ ഹമീദ് അസ്ഹരി പറഞ്ഞത്.