ചെന്നൈ-ബാലതാരമായി സിനിമയിലെത്തി, കൗമാരകാലത്തു മലയാളത്തില്‍ നായികയായി അരങ്ങേറിയ ആളാണ് മീന. പിന്നീട് തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സൂപ്പര്‍ താരങ്ങളുടെ നായികയായി മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ മീനയ്ക്കായി. സിനിമ ജീവിതത്തില്‍ 30 വര്‍ഷം പിന്നിട്ടിരിക്കുകയാണ് മീന. ഇപ്പോഴിതാ അഭിനയത്തില്‍ കൂടുതല്‍ വ്യത്യസ്ത വരുത്താന്‍ ശ്രമിക്കുകയാണ് താനെന്ന് പറഞ്ഞിരിക്കുകയാണ് മീന. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മീനയുടെ പ്രതികരണം. നെഗറ്റീവ് റോളുകള്‍ ചെയ്യാനാണ് തനിക്ക് ഇപ്പോള്‍ താല്‍പ്പര്യമെന്നും മീന പറയുന്നു.
'നെഗറ്റീവ് ടച്ചുള്ള ഒരു വില്ലത്തി കഥാപാത്രം ചെയ്യാന്‍ എനിക്ക് വളരെ ആഗ്രഹമുണ്ട്. സിനിമാ ആസ്വാദകരുടെ ചിന്താഗതി മാറിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കേണ്ട സമയമായി. ആദ്യമൊക്കെ ഒരു കഥാപാത്രത്തെ തെരഞ്ഞെടുക്കുമ്പോള്‍ അത് നമുക്ക് ചീത്തപ്പേര് ഉണ്ടാക്കുമോ എന്നൊക്കെ ചിന്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രേക്ഷകര്‍ കഥാപാത്രത്തെ കാണുന്ന രീതി ഒരുപാട് മാറിയിട്ടുണ്ട്, മീന പറഞ്ഞു.
മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങിയ മുന്‍നിര താരങ്ങളുടെ നായികയായെത്തിയ മീന വളരെ കുറഞ്ഞകാലത്തിനുള്ളിലാണ് ആരാധകരുടെ മനം കവര്‍ന്നത്. തന്റെ സിനിമാ ജീവിതത്തില്‍ ഇന്നുവരെ ഒരു നര്‍ത്തകിയുടെയോ കോളജ് വിദ്യാര്‍ത്ഥിനിയുടെയോ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും സങ്കടം തോന്നുന്ന കാര്യമാണിതെന്നും മീന പറയുന്നു.
തനിക്കൊപ്പം അഭിനയിച്ചവരെല്ലാം കോളേജ് വിദ്യാര്‍ത്ഥികളുടെ വേഷം ചെയ്തിട്ടുണ്ടെന്നും പക്ഷെ തനിക്ക് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനായില്ലെന്നും മീന കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് കുറച്ച് വെല്ലുവിളികള്‍ നിറഞ്ഞ വ്യത്യസ്തമായി കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ഇപ്പോള്‍ ആഗ്രഹമെന്നും മീന പറയുന്നു. മലയാളത്തില്‍ തകര്‍പ്പന്‍ വിജയമായ ദൃശ്യം 2 ആണ് മീനയുടെ അവസാന ചിത്രം.