ടൊറന്റോ-കാനഡയിലെ ഒന്റോറിയോ പ്രവിശ്യയിലെ പട്ടണമായ ലണ്ടനിൽ 20കാരൻ നടത്തിയ മുസ്‌ലിം വിരുദ്ധ വിദ്വേഷ ആക്രമണത്തിൽ ഒരു മുസ്‌ലിം കുടുംബത്തിലെ നാലു പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.
ഒന്റാരിയോയിലെ ലണ്ടനിൽനിന്നുള്ള വാർത്തകൾ എന്നെ ഭയപ്പെടുത്തുന്നു. ഇന്നലത്തെ വിദ്വേഷ പ്രവൃത്തിയിൽ പരിഭ്രാന്തരായവരുടെ പ്രിയപ്പെട്ടവരെ നിങ്ങൾക്കായി ഞങ്ങൾ ഇവിടെയുണ്ട്. ഞങ്ങളുടെ ഹൃദയം നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ സുഖം പ്രാപിക്കുന്ന കാലത്തോളും നിങ്ങൾ ഞങ്ങളുടെ ചിന്തകളിലായിരിക്കും. ലണ്ടനിലെ മുസ്ലിം സമൂഹത്തോടൊപ്പവും രാജ്യത്തുടനീളമുള്ള മുസ്ലിംകളോടൊപ്പവും ഞങ്ങൾ നിൽക്കുന്നു. നമ്മുടെ സമൂഹത്തിൽ ഒരിക്കലും ഇസ്ലാമോഫോബിയക്ക് സ്ഥാനമില്ല. ഈ വിദ്വേഷം വഞ്ചനാപരവും നിന്ദ്യവുമാണ്. ഇത് അവസാനിപ്പിക്കണം-ട്രൂഡോ പറഞ്ഞു.
റോഡ് മുറിച്ച് കടക്കാൻ നിൽക്കുകയായിരുന്ന അഞ്ചംഗ മുസ്‌ലിം കുടുംബത്തിനു നേർക്ക് അക്രമി പിക്കപ്പ് ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇവരിൽ ഒമ്പതു വയസ്സുകാനൊഴികെ മറ്റു നാലു പേരും മരിച്ചു. 74കാരി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. 46കാരനും 44കാരിയും 15 വയസ്സുള്ള പെൺകുട്ടിയും ആശുപത്രിയിലും മരിച്ചു. ഗുരുതര പരിക്കേറ്റ ഒമ്പതു വയസ്സുകാരൻ ചികിത്സയിലാണ്.
തിങ്കളാഴ്ച നടന്ന സംഭവം മുസ്‌ലിം വിദ്വേഷകൊലപാതകമാണെന്നും ആസൂത്രിതമായിരുന്നുവെന്നും പോലീസ് പറഞ്ഞു. മതവിദ്വേഷത്താൽ പ്രചോദിതനായാണ് പ്രതി ഈ കൂട്ടക്കൊല നടത്തിയത് എന്നതിന് തെളിവുകളുണ്ടെന്നും പോലീസ് ഡിറ്റക്ടീവ് സുപ്രണ്ട് പോൾ വൈറ്റ് പറഞ്ഞു.
മുസ്‌ലിം കുടുംബത്തെ ഇടിച്ചുതെറിപ്പിച്ച ശേഷം ട്രക്കുമായി കടന്ന െ്രെഡവർ 20കാരൻ നതാനിയേൽ വെൽറ്റ്മാനെ പോലീസ് അറസ്റ്റ് ചെയ്തു. നാലു കൊലപാതക കുറ്റങ്ങളും ഒരു വധശ്രമ കുറ്റവും ചുമതത്തി നതാനിയേലിനെതിരെ പോലീസ് കേസെടുത്തു. ഒരു മാളിലെ പാർക്കിങ് ഏരിയയിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഇയാളെ മറ്റാരെങ്കിലും സഹായിച്ചതായും തെളിവ് ലഭിച്ചിട്ടില്ല.