ഡര്‍ബന്‍- മഹാത്മാ ഗാന്ധിയുടെ പൗത്രി ഇള ഗാന്ധിയുടെ മകള്‍ ആശിഷ് ലത റംഗോബിന് വഞ്ചനാ കേസില്‍ ദക്ഷിണാഫ്രിക്കന്‍ കോടതി ഏഴു വര്‍ഷം തടവുശിക്ഷ വിധിച്ചു. വ്യവസായി ആയ എസ്.ആര്‍ മഹാരാജിനെ വഞ്ചിച്ച് 62 ലക്ഷം റാന്‍ഡ് (3.3 കോടി രൂപ) വെട്ടിച്ചെന്ന കേസില്‍ 56കാരിയായ ആശിഷ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇന്ത്യയില്‍ നിന്നുള്ള ചരക്കിന്റെ കസ്റ്റംസ്, ഇറക്കുമതി തീരുവ എന്നിവ നല്‍കാനെന്ന പേരിലാണ് ഈ തുക തട്ടിയത്. എന്നാല്‍ ഈ ചരക്ക് ഇന്ത്യയില്‍ നിന്ന് എത്തിയിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സാമ്പത്തിക സഹായം നല്‍കിയാല്‍ ലാഭത്തിന്റെ ഒരു വിഹിതം നല്‍കാമെന്നും വ്യവസായിക്ക് ആശിഷ് വാഗ്ദാനം നല്‍കിയിരുന്നു.
ഇന്ത്യയില്‍ നിന്ന് കണ്ടെയ്‌നറുകളിലായി ലിനന്‍ ദക്ഷിണാഫ്രിക്കയിലേക്ക് വരുന്നു എന്ന് കാണിക്കാന്‍ ആശിഷ് വ്യാജ രേഖകളും രശീതുകളും കെട്ടിച്ചമച്ചുണ്ടാക്കിയെന്ന് കേസ് വിചാരണയ്ക്കിടെ 2015ല്‍ നാഷണല്‍ പ്രോസിക്യൂട്ടിങ് ഏജന്‍സി കോടതിയില്‍ പറഞ്ഞിരുന്നു. കേസില്‍ ആശിഷിന് ജാമ്യവും അനുവദിച്ചിരുന്നു.
വസ്ത്രങ്ങളും പാദരക്ഷകളും ഉല്‍പ്പാദിപ്പിക്കുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന കമ്പനി ഉടമയാണ് മഹാരാജ്. മറ്റു കമ്പനികള്‍ക്ക് സാമ്പത്തിക സഹായുവം മഹാരാജ് നല്‍കാറുണ്ട്. 2015 ഓഗസ്റ്റിലാണ് ആശിഷ് മഹാരാജിനെ കണ്ട് മൂന്ന് കണ്ടെയ്‌നറുകളിലായി ലിനന്‍ ഇന്ത്യയിലെത്തുന്നതായി ധരിപ്പിച്ച് സാമ്പത്തിക സഹായം തേടിയത്. ദക്ഷിണാഫ്രിക്കന്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പിനു വേണ്ടി ലിനന്‍ എത്തിക്കുന്നതായാണ് ഇവര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ കണ്ടെയ്‌നറുകള്‍ വരുന്നില്ലെന്ന് വ്യക്തമായതോടെ മഹാരാജ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.