കണ്ണൂർ - കോടികളുടെ തട്ടിപ്പു നടത്തി ഗൾഫിലേക്കു മുങ്ങിയ മുഖ്യപ്രതിയെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടുന്നു. വളപട്ടണം സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി താളിക്കാവ് സ്വദേശി കെ.പി.മുഹമ്മദ് ജസീലിനെ പിടുകൂടാനാണ് അന്വേഷണ സംഘം ഇന്റർപോളിൻെറ സഹായം തേടിയത്. ഇതിന്റെ ഭാഗമായി ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി അന്വേഷണത്തിനു മേൽനോട്ടം നൽകുന്ന കണ്ണൂർ ഡി.വൈ.എസ്.പി പി.പി.സദാനന്ദൻ, 'മലയാളം ന്യൂസി'നോട് പറഞ്ഞു. ഈ കേസിൽ ബാങ്ക് മുൻ പ്രസിഡണ്ടും ഭരണ സമിതി അംഗങ്ങളുമടക്കം പത്തു പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
വളപട്ടണം സർവീസ് സഹകരണ ബാങ്കിന്റെ മന്ന ശാഖയിൽ പത്തു കോടിയിലധികം രൂപയുടെ ക്രമക്കേടു നടത്തിയ കേസിലാണ് മുഹമ്മദ് ജസീലിനെ തേടുന്നത്. ബാങ്കിലെ മുൻ മാനജരാണ് ജസീൽ. ബാങ്കിലെ തട്ടിപ്പു പുറത്തായതോടെ 2013ൽ ഇയാൾ നാട്ടിൽ നിന്നും മുങ്ങിയിരുന്നു. മലേഷ്യയിലാണെന്നാണ് നാട്ടിൽ പ്രചരിപ്പിച്ചിരുന്നത്. എന്നാൽ ദുബായിൽ ഒളിവിൽ കഴിയുന്നുവെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ദുബായിൽ ജസീലിന്റെ സഹോദരൻ ബിസിനസ് നടത്തുന്നുണ്ട്. ഇദ്ദേഹത്തിന്റെ സംരക്ഷണത്തിലാണ് ഇപ്പോഴുള്ളതെന്നാണ് ലഭിച്ച വിവരം. ഇതിനകം വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഇയാൾ മൂന്നു തവണ നാട്ടിലെത്തിയതായും വിവരമുണ്ട്. ജസീലിനെതിരെയുള്ള ലുക് ഔട്ട് നോട്ടീസിലെ വിവരങ്ങൾ വിമാനത്താവളങ്ങളിലടക്കം നൽകിയിട്ടുണ്ട്.
വായ്പകളിൽ കൃത്രിമം കാണിച്ചും സാമ്പത്തിക തിരിമറി നടത്തിയും കോടികൾ തട്ടിയ വിവരം പുറത്തു വനനതിനെത്തുടർന്ന് വിജിലൻസാണ് പ്രാഥമിക അന്വേഷണം നടത്തിയത്. ഇതിന്റെ ഭാഗമായി കണ്ണൂർ വിജിലൻസ് കോടതി, മുഹമ്മദ് ജസീലിനെതിരെ അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് ഇയാൾ നാട്ടിൽ നിന്നും മുങ്ങിയത്. യു.ഡി.എഫ് നിയന്ത്രണത്തിലുള്ള ഈ ബാങ്കിലെ ക്രമക്കേടുകൾ പോലീസ് അന്വേഷിക്കുന്നതിനിടെ രാഷ്ട്രീയ ഇടപെടലിലൂടെ അന്വേഷണം നിർത്തിവെപ്പിക്കുകയും ചെയ്തു. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് കേസിൽ അന്വേഷണം പുനരാരംഭിച്ചത്. അതിനിടെ പുതിയൊരു പരാതി കൂടി ലഭിക്കുകയും ചെയ്തു. ഈ അന്വേഷണത്തിലാണ് ബാങ്ക് മുൻ പ്രസിഡണ്ടും ലീഗ് നേതാവുമായ വളപട്ടണം മിൽ റോഡിലെ ടി.സെയ്ഫുദ്ദീൻ, സെക്രട്ടറി അലവിൽ സ്വദേശി എം.പി.ഹംസ, ഭരണ സമിതി അംഗങ്ങളായ വളപട്ടണം മന്ന നിഹാസാത്തിൽ എ.പി.സിദ്ദിഖ്(42), കളരിവാതുക്കലിലെ വടക്കേയില്ലം കൂലോത്ത് കൃഷ്ണൻ (66), വളപട്ടണം അറഫ മൻസിലിൽ കെ.എം.താജുദ്ദീൻ (50), മിൽ റോഡിലെ കണിയറക്കൽ ഷുക്കൂർ(53), വളപട്ടണം ബൈത്തുൽ ഫാത്തിമയിൽ പി.ഇസ്മയിൽ(51), പാപ്പിനിശ്ശേരി നരയംകുളത്തെ ചിറക്കലകത്ത് അംനാസ്(32), കണ്ണൂർ താളിക്കാവ് നോർത്തിലെ കെ.പി.ജംഷീർ(40), ജംഷീറിന്റെ പിതാവ് കെ.വി.ഇബ്രാഹിം(75) എന്നിവരെ കണ്ണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. 2008 മുതൽ 2013 വരെ നടത്തിയ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മുപ്പതോളം ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഇതിനു പുറമെയാണ് വടകര സ്വദേശിനി നൂർജഹാൻ എന്ന സ്ത്രീ നൽകിയ പരാതി.
തുച്ഛവിലയുള്ള ചതുപ്പു നിലങ്ങൾക്കു പൊന്നിൻ വില കണക്കാക്കി വൻ തുക വായ്പയെടുത്ത് തിരിച്ചടക്കാതെ ബാങ്കിനെ വഞ്ചിച്ചതും, മറ്റുള്ളവർ പണയം വെച്ച സ്വർണം, ഉടമയറിയാതെ എടുത്ത് മറ്റു പേരുകളിൽ പണയം വെച്ച് വൻ തുക തട്ടിയതും, മറ്റ് ബാങ്കുകളിൽ നിന്നും വന്നു വന്ന പേരിൽ വിവിധ ചെക്കുകൾ വെച്ച് പണം തട്ടിയതുമാണ് പ്രധാന ക്രമക്കേടുകൾ. ഇതിനു പുറമെ, പണയം വെച്ച ആധാരത്തിന്റെ കോപ്പിയെടുത്ത് കൃത്രിമ റജിസ്‌ട്രേഷൻ നടത്തി ഒരു കോടി രൂപ തട്ടിയതായും അക്കൗണ്ടിൽ പണമില്ലാത്ത ചെക്കുകൾ കളക്ഷനു വന്നപ്പോൾ, പണമുള്ളതായി കാണിച്ച് 1,65,70,000 രൂപ തട്ടിയതായും വിശദാന്വേഷണത്തിൽ വ്യക്തമായിരുന്നു. പണം നഷ്ടപ്പെട്ടവർക്ക് തിരിച്ചു നൽകിയ വകയിലും ബാങ്കിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടായി. 46 ലക്ഷം രൂപ ഇത്തരത്തിൽ തിരിച്ചു നൽകിയിട്ടുണ്ട്.