ന്യൂദല്‍ഹി- ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന പിടികിട്ടാപുള്ളി വ്യവസായി മെഹുല്‍ ചോക്‌സിയെ ആന്റിഗ്വയില്‍ നിന്നും ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടു പോയ സംഘത്തെ കുറിച്ച് റോയല്‍ പോലീസ് ഫോഴ്‌സ് ഓഫ് ആന്റിഗ്വ ആന്റ് ബര്‍ബുഡ അന്വേഷണം ആരംഭിച്ചു. ചോക്‌സിയെ തട്ടിക്കൊണ്ടുപോയവരുടെ പേരുവിവരങ്ങള്‍ അടക്കം അദ്ദേഹത്തിന്റെ അഭിഭാഷകര്‍ നല്‍കിയെ പരാതിയെ തുടര്‍ന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തട്ടിക്കൊണ്ടു പോകല്‍ ചോക്‌സിയുടെ നാടകമായിരുന്നുവെന്നും റിപോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് ഈ സംഘത്തിനെതിരെ ചോക്‌സിയുടെ അഭിഭാഷകര്‍ പരാതി നല്‍കിയത്. ഈ ആരോപണം ശരിയാണെങ്കില്‍ അത് ഗൗരവമേറിയ വിഷയമാണെന്നും പരാതി പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചോക്‌സിയെ ഒരു ആഢംബര നൗകയില്‍ മേയ് 23ന് രാത്രി 10 മണിയോടെയാണ് ഡൊമിനിക്കയിലെത്തിച്ചത് എന്ന ഡൊമിനിക്കയിലെ പ്രതിപക്ഷ നേതാവ് ലെനോക്‌സ് ലിന്റനിന്റെ വാദം ശരിയല്ലെന്നും റിപോര്‍ട്ടുണ്ട്. മേയ് 23ന് വൈകുന്നേരം അഞ്ചു മണി വരെ ചോക്‌സി വ്ീട്ടിലുണ്ടായിരുന്നുവെന്നും അന്നു തന്നെ രാത്രി 10 മണിക്ക് ഡൊമിനിക്കയിലെത്താന്‍ കഴിയില്ലെന്നും കുടുംബവും പറയുന്നു. 13 മണിക്കൂറെങ്കിലും യാത്ര ചെയ്താലെ ഡൊമിനിക്കയിലെത്തൂവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.