Sorry, you need to enable JavaScript to visit this website.

മെട്രോ മാന്‍ ഇ.ശ്രീധരനെ കേന്ദ്ര മന്ത്രിസഭയിലേക്ക്  പരിഗണിക്കുന്നു

ന്യൂദല്‍ഹി-  ഇ. ശ്രീധരന്റെ പേര് കേന്ദ്രമന്ത്രിസഭയിലേയ്ക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. രണ്ട് ദിവസത്തെ ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോഡി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. കൂടാതെ സുശീല്‍കുമാര്‍ മോഡി, സര്‍ബാനന്ദ സോനോവാള്‍, രാംമാധവ് തുടങ്ങിയവരുടെ പേരുകളും പരിഗണന പട്ടികയില്‍ ഉണ്ട്.
രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് നിലവില്‍ ബിജെപി ഇപ്പോള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ദല്‍ഹിയില്‍ നടക്കുന്നത്. ഈ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത് കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയാണ്. ഇതിലേക്കാണ് ഇ.ശ്രീധരനടക്കമുള്ളവരുടെ പേരുകള്‍ നിര്‍ദേശിച്ചത്.
കൂടുതല്‍ യോഗ്യരായവരെ മന്ത്രിസഭയിലേയ്ക്ക് എത്തിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന ആവശ്യം. ഘടക കക്ഷികളിലെ ജെഡിയുവിന് കൂടി പ്രാധാന്യം നല്‍കി പത്ത് പേരെ ഉള്‍പ്പെടുത്തിയുള്ള പട്ടികയായിരിക്കും തയ്യാറാക്കുക. തുടര്‍ന്ന് പുതിയതായി ആരൊക്കെ മന്ത്രിസഭയിലേക്ക് എന്ന കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കും. സുരേഷ് ഗോപിയുടെ സാധ്യത ഏറ്റവും പുതിയ സംഭവ വികാസങ്ങളോടെ മങ്ങിയിരിക്കുകയാണ്. 

Latest News