മുംബൈ-മുംബൈ പോലീസിനെന്ത് സെലിബ്രിറ്റി? ബോളിവുഡിലെ പ്രിയ ജോഡികളെയാണ് ഇന്നലെ പൊക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷ്‌റോഫ്, ദിഷ പഠാണി എന്നിവര്‍ക്കെതിരേ മുംബൈ പോലീസ് കേസെടുത്തു. മുംബൈ ബാന്ദ്ര ബസ് സ്റ്റാന്റിന് സമീപം വൈകുന്നേരം കറങ്ങി നടന്നതിനാണ് കേസ്. കോവിഡ് സാഹചര്യത്തില്‍ ഉച്ച തിരിഞ്ഞ് ഇവിടെ സഞ്ചരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഈ നിയന്ത്രണങ്ങള്‍ ലംഘിച്ചതായാണ് പോലീസ് പറയുന്നത്. മുംബൈ പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ താരങ്ങളുടെ പേര് പരാമര്‍ശിക്കാതെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. രസമതല്ല, പോലീസ് നടപടിയെ വിമര്‍ശിച്ച് ബിനീഷ് കോടിയേരിയുടെ മദര്‍ ഇന്‍ ലോ സ്‌റ്റൈലില്‍ ടൈഗറിന്റെ അമ്മ അയിഷ ഷ്‌റോഫ് രംഗത്തെത്തിയിട്ടുണ്ട്. ഓന്‍ നിയമം ലംഘിച്ചുവെന്ന് പറഞ്ഞ് ബഹളം വെക്കുന്ന മാധ്യമങ്ങളെന്തേ ടൈഗര്‍ ഷ്‌റോഫ് ചെയ്യുന്ന നല്ല കാര്യങ്ങള്‍ കാണാതെ പോകുന്നതെന്നാണ് അവരുടെ ചോദ്യം. നിത്യേന എത്ര പാവങ്ങള്‍ക്കാണ് ഈ കോവിഡ് കാലത്ത് വിശപ്പടക്കാന്‍ ടൈഗര്‍ വഴിയൊരുക്കുന്നതെന്നത് കാണാതെ പോകരുതെന്നും അയിഷ എടുത്തു പറഞ്ഞു.