ഗാന്ധിനഗർ- ഗുജറാത്തിൽ വീണ്ടും അധികാരത്തിലെത്തിയ ബി.ജെ.പി സർക്കാരിലെ സുപ്രധാന വകുപ്പുകൾ എടുത്തു മാറ്റിയതിനെ തുടർന്ന് ഇടഞ്ഞു നിൽക്കുന്ന ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ കോൺഗ്രസിലേക്ക്് ക്ഷണിച്ച് പട്ടിദാർ സമര നേതാവ് ഹർദിക് പട്ടേൽ രംഗത്തെത്തി. പട്ടേലിന്റെ ഓഫറിനു തൊട്ടുപിന്നാലെ 19 ബി.ജെ.പി എം.എൽ.എമാർ നിതിൻ പട്ടേലിന് പിന്തുണച്ച് മുന്നോട്ടു വന്നതായും റിപ്പോർട്ടുണ്ട്. പുതിയ സർക്കാരിൽ സുപ്രധാന വകുപ്പുകൾ നൽകാത്തതിലുള്ള അതൃപ്തി നിതിൻ പട്ടേൽ ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരുന്നു. താൻ ഇതുവരെ കയ്യാളിയിരുന്ന വകുപ്പുകൾ തിരിച്ചു നൽകിയില്ലെങ്കിൽ രാജിവെക്കുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കിയിരുന്നു.
മന്ത്രിസഭാംഗങ്ങൾ കഴിഞ്ഞ ദിവസം തങ്ങളുടെ വകുപ്പുകളുടെ ചുമതലേറ്റപ്പോൾ നിതിൻ പട്ടേൽ വിട്ടു നിന്നതോടെയാണ് അദ്ദേഹത്തിന്റെ അതൃപ്തി പരസ്യമായത്. ഈ ഭിന്നത ബി.ജെ.പി സർക്കാരിന് ഭീഷണിയായതോടെ നിതിൻ പട്ടേലിനെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് നേതൃത്വം ഇടപെട്ടിട്ടുണ്ട്.
മുൻ ബി.ജെ.പി സർക്കാരിൽ ധനകാര്യം, നഗരവികസനം, പൊതുമരാമത്ത്, പെട്രോകെമിക്കൽസ് എന്നീ സുപ്രധാന വകുപ്പുകളാണ് നിതിൻ പട്ടേൽ കൈകാര്യം ചെയ്തിരുന്നത്. പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രി പദവി നൽകിയെങ്കിലും ധനകാര്യം, നഗരവികസനം, പെട്രോളിയം എന്നീ വകുപ്പുകൾ മുഖ്യമന്ത്രി വിജയ് രൂപാണി പട്ടേലിനു നൽകിയില്ല. നഗരവികസനം, പെട്രോളിയം എന്നീ വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈവശം വച്ചപ്പോൾ ധനകാര്യം സൗരഭ് പട്ടേലിനാണ് നൽകിയത്. ഇതാണ് നിതിൻ പട്ടേലിനെ ചൊടിപ്പിച്ചത്. ഏറ്റവും വലിയ രണ്ടാമത്തെ സുപ്രധാന വകുപ്പായ ധനകാര്യം നഷ്ടപ്പെട്ടതിൽ പട്ടേലിന് കടുത്ത അമർഷമുണ്ട്.
രണ്ടു ദിവസത്തിനകം പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാമെന്ന ഉറപ്പാണ് ബി.ജെ.പി നേതൃത്വം നിതിൻ പട്ടേലിന് നൽകിയിരിക്കുന്നത്. തന്റെ ആവശ്യങ്ങൾ നേതൃത്വം അംഗീകരിച്ചില്ലെങ്കിൽ ആത്മാഭിമാനം സംരക്ഷിക്കാൻ രാജിവെക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് നിതിൻ പട്ടേലെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.