ന്യൂദൽഹി- സുപ്രീം കോടതി ജസ്റ്റിസ് അരുൺ മിശ്രയെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്കിയതിൽ വിമർശനവുായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പ്രവർത്തനം ഏറെക്കുറെ നിലച്ച സ്ഥാപനം ഇനി മരിച്ചതായി കണക്കാക്കാമെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. ഏറെക്കുറെ പ്രവർത്തനം നിലച്ച ഒരു സ്ഥാപനം പൂർണ്ണമായി മരിച്ചുവെന്ന് പ്രതീക്ഷിക്കാം. രാജ്യത്തെ പ്രധാന സ്ഥാപനങ്ങളോട് മോഡി സർക്കാർ ചെയ്യുന്നത് ഇതാണ്,' ഭൂഷൺ ട്വീറ്റ് ചെയ്തു. മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി അരുൺ മിശ്രയെ ഇന്നലെയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്‌സഭ സ്പീക്കർ, രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരാണ് തെരഞ്ഞെടുപ്പ് സമിതിയിലെ അംഗങ്ങൾ. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിൽ ജസ്റ്റിസ് അരുൺ മിശ്രയുടെ പേര് കേന്ദ്ര സർക്കാറാണ് നിർദേശിച്ചത്. ഇതിൽ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെ ഒഴികെയുള്ളവർ അംഗീകരിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ അതിക്രമം നടക്കുന്നത് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് നേരെയാണെന്നും അതിനാൽ ആ വിഭാഗത്തിൽപ്പെട്ട ആരെയെങ്കിലും ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാക്കണമെന്നും ആയിരുന്നു മല്ലികാർജുന ഖാർഗെ യോഗത്തിൽ ആവശ്യപ്പെട്ടത്. ആവശ്യം നിരാകരിക്കപ്പെട്ടതോടെ വിയോജിപ്പ് ഖാർഗെ ഔദ്യോഗികമായി രേഖപ്പെടുത്തി.