മുംബൈ- പുരുഷ മേധാവിത്വ സമൂഹത്തില്‍ താന്‍ നേരിട്ട വിവേചനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് പരിണീതി ചോപ്ര. പുരുഷന്‍മാര്‍ ഭക്ഷണം കഴിച്ചശേഷം മാത്രമേ വീട്ടിലെ പെണ്ണുങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ സാധിച്ചിരുന്നുള്ളൂവെന്നും അങ്ങനെയൊരു വീട്ടിലാണ് താന്‍ ജനിച്ചു വളര്‍ന്നതെന്നും പരിണീതി ചോപ്ര. പുതിയ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് താരത്തിന്റെ തുറന്നുപറച്ചില്‍.
'ആണുങ്ങള്‍ ഊണുമേശയില്‍ ഇരുന്ന് കഴിക്കുന്ന സമയത്ത് പെണ്ണുങ്ങള്‍ക്ക് അവര്‍ക്കൊപ്പമിരുന്ന് കഴിക്കാന്‍ പോലും അനുവാദമില്ല. എന്റെ വീട്ടില്‍ അമ്മയ്ക്ക് ഊണുമേശയില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ഞാന്‍ ആ കാലം ഇന്നും ഓര്‍ക്കുന്നു. ഇത് അച്ഛന്‍ ഉണ്ടാക്കിയതോ പറഞ്ഞതോ ആയ നിയമമൊന്നുമല്ല. അതൊരു പറയപ്പെടാത്ത നിയമമായി കുടുംബങ്ങളില്‍ നിലനിന്നിരുന്നു. വീട്ടിലെ ആണുങ്ങള്‍ അത്താഴം കഴിച്ച് ഉറങ്ങാന്‍ പോയിട്ടേ പെണ്ണുങ്ങള്‍ക്ക് ഭക്ഷണം കഴിക്കാന്‍ സാധിച്ചിരുന്നുള്ളൂ,' പരിണീതി ചോപ്ര പറഞ്ഞു.
ഇന്ത്യയിലെ സ്ത്രീകള്‍ ഈ പ്രശ്‌നം നിരന്തരം നേരിടുന്നുണ്ട്. ഞാന്‍ എന്റെ വീട് മോടിപിടിപ്പിക്കുന്ന സമയം. എന്റെ പണം കൊണ്ടാണ് വീട് വാങ്ങിയതും മോടിപിടിപ്പിക്കാനുള്ള പണികള്‍ തുടങ്ങിയതും. എന്നാല്‍, ആ സമയത്ത് വീട് പണിയുടെ കരാര്‍ എടുത്ത വ്യക്തി എന്നോട് സംസാരിച്ചിരുന്നില്ല. വീട്ടില്‍ വേറെ ആണുങ്ങളൊന്നുമില്ലേ സംസാരിക്കാന്‍ എന്നാണ് അയാള്‍ എന്നോട് ചോദിച്ചത്. എനിക്ക് വിചിത്രമായി തോന്നി. ഞാനൊരു സ്ത്രീയായതുകൊണ്ടാണ് അയാള്‍ അങ്ങനെ പറഞ്ഞത്. ഇവിടെ മറ്റാരുമില്ല സംസാരിക്കാന്‍, ഞാനാണ് ഈ വീട് വാങ്ങിയത്. ഇതിന്റെ പണമൊക്കെ കൊടുത്തത് ഞാന്‍ തന്നെ. ഇത് എന്റെയാണ്, അതുകൊണ്ട് ഈ വീട് എങ്ങനെയാണ് മോടിപിടിപ്പിക്കേണ്ടതെന്ന് ഞാനാണ് തീരുമാനിക്കുകയെന്ന് അയാളോട് പറഞ്ഞു,- താരം കൂട്ടിച്ചേര്‍ത്തു.