ജബല്‍പൂര്‍- ഇതര ജാതിക്കാരിയായ പെണ്‍കുട്ടിയുമായി സൗഹൃദം പുലര്‍ത്തിയതിന്റെ പേരില്‍ മധ്യപ്രദേശിലെ ജബല്‍പൂരില്‍ 20കാരനായ ദളിത് യുവാവിനും സുഹൃത്തിനും പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദനം. പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേര്‍ന്നാണ് രണ്ടു പേരെയും വീട്ടിലെത്തിച്ച് മര്‍ദിച്ചത്. തല ഭാഗികമായി മുണ്ഡനം ചെയ്യുകയും അര്‍ധനഗ്നരാക്കി ചെരുപ്പുമാല അണിയിക്കുകയും ചെയ്തു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മേയ് 22നാണ് സംഭവം നടന്നത്. വിവരം പോലീസില്‍ അറിയിച്ചാല്‍ കൊല്ലുമെന്ന് തനിക്കും കുടുംബത്തിനു ഭീഷണി ഉണ്ടായിരുന്നതായും പരാതിക്കാരനായ രാജ്കുമാര്‍ ദെഹേരിയ പറഞ്ഞു.
പ്രദേശത്ത് സ്വാധീനമുള്ള യാദവ കുടുംബാംഗമായ
19കാരിയായ പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടായിരുന്നുവെന്ന് ദെഹേരിയ പോലീസിനോട് പറഞ്ഞു. വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ അനുവദിച്ചിരുന്നില്ല. സംസാരിക്കാന്‍ ഫോണും കൈവശമുണ്ടായിരുന്നില്ല. സുഹൃത്തിന്റെ ഫോണ്‍ കടംവാങ്ങി പെണ്‍കുട്ടിക്കു നല്‍കിയിരുന്നുവെന്നും യുവാവ് പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ കൈവശമുള്ള ഫോണ്‍ അച്ഛന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തന്നെയും സുഹൃത്തിനേയും വീട്ടിലേക്ക് കൊണ്ടുവന്ന് മര്‍ദിച്ചതെന്നും ദെഹേരിയ പറയുന്നു.