സാൻ ഫ്രാൻസിസ്‌കോ- മുന്നറിയിപ്പില്ലാതെ മനപ്പൂർവ്വം ഐ ഫോണുകളുടെ വേഗത കുറച്ച് വെട്ടിലായ ആപ്പിൾ. വേഗത കുറച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാര നടപടികൾ കമ്പനി തുടങ്ങി. ഉപഭോക്താക്കളോട് പരസ്യമായി മാപ്പപേക്ഷിക്കുകയും പുതിയ ബാറ്ററികൾക്ക് വില കുറക്കുകയും ചെയ്തു. കമ്പനി വെബ്്‌സൈറ്റിൽ പ്രസിദ്ധീകരിച്ച നീണ്ട വിശദീകരണ കുറിപ്പിലാണ് ക്ഷമാപണം. പഴയ ഐ ഫോൺ മോഡലുകളുടെ പ്രകടനം എങ്ങനെ കമ്പനി കൈകാര്യം ചെയ്യുന്നു എന്നതു സംബന്ധിച്ച് ചില തെറ്റിദ്ധാരണകൾ ഉണ്ടായെന്നാണ് വിശദീകരണം. യുഎസിലെ വിവിധ കോടതികളിൽ കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉപഭോക്താക്കൾ പരാതി നൽകിയ വാർത്തകൾക്ക് തൊട്ടുപിറകെയാണ് കമ്പനിയുടെ ക്ഷമാപണ കുറിപ്പ്. അടുത്ത ios അപ്‌ഡേറ്റിൽ എല്ലാ വിവരങ്ങളും സുതാര്യമാക്കുമെന്നും കമ്പനി ഉറപ്പു നൽകുന്നു.
ഉപഭോക്താക്കളുടെ പ്രതിഷേധം അടക്കാൻ ബാറ്ററികളുടെ വിലയും കുറച്ചിട്ടുണ്ട്. ബാറ്ററിയുടെ പ്രകടനം മെച്ചപ്പെടുത്താനാണ് ഐ ഫോണുകളുടെ വേഗത കമ്പനി കുറച്ചതെന്ന് നേരത്തെ വിശദീകരിച്ചിരുന്നു. എന്നാൽ ഇത് തിരിച്ചടിയാകുകയാണ് ഉണ്ടായത്. പ്രശ്‌നമുള്ള ബാറ്ററികൾക്കു പകരം പുതിയ ബാറ്ററി വാങ്ങുമ്പോൾ ഇളവുകൾ നൽകുമെന്നാണ് പുതിയ അറിയിപ്പ്. 79 യുഎസ് ഡോളർ വിലയുള്ള ബാറ്ററി 29 ഡോളറിനു നൽകും.