ന്യൂയോർക്ക് - മുന്നറിയിപ്പു നൽകാതെ ഐ ഫോണുകളുടെ പ്രവർത്തന വേഗത കുറച്ചുവെന്ന് തുറന്ന് സമ്മതിച്ച ടെക്ക് ഭീമൻ ആപ്പിളിനെതിരെ അമേരിക്കയിൽ ഉപഭോക്താക്കൾ നിയമ പോരിനിറങ്ങി. ബാറ്ററിയുടെ മോശം പ്രകടനത്തെ മറികടക്കാനാണ് മുന്നറിയിപ്പില്ലാതെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ആപ്പ്ൾ ചില ഐ ഫോൺ മോഡലുകളുടെ വേഗത കുറച്ചത്. അമേരിക്കയിലെ വിവിധ ഫെഡറൽ കോടതികളിൽ ഏട്ടു കേസുകളാണ് ആപ്പിളിനെതിരെ ഇതുവരെ ഉപഭോക്താക്കൾ ഫയൽ ചെയ്തിട്ടുള്ളത്. വരും ദിവസങ്ങളിൽ കമ്പനിക്ക് വലിയ തലവേദന സൃഷ്ടിച്ചേക്കാവുന്നതാണ് ഐ ഫോൺ ഉപഭോക്താക്കളുടെ ഈ അപ്രതീക്ഷിത നീക്കം.
കമ്പനി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചത് മൂലം വേഗതാ പ്രശ്‌നം പരിഹരിക്കാൻ ഐ ഫോൺ ഉടമകൾ സുരക്ഷിതമല്ലാത്ത മറ്റുവഴികൾ തേടിയിരിക്കാമെന്ന് പരാതികളിൽ ചൂണ്ടിക്കാട്ടുന്നു. കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ട് കാലിഫോർണിയ, ന്യൂ യോർക്ക്, ഇലിനോയ് ഫെഡറൽ കോടതികളിലാണ് പരാതികൾ ലഭിച്ചത്. യുഎസിലുടനീളമുള്ള ലക്ഷക്കണക്കിന് ഐഫോൺ ഉപഭോക്താക്കൾക്കു വേണ്ടിയാണ് പരാതികൾ.
സമാനമായ മറ്റൊരു പരാതി ഇസ്രായീലിലെ കോടതിയിലും ഫയൽ ചെയ്തിട്ടുണ്ടെന്ന് ഇസ്രായിലി പത്രമായ ഹാരറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കേസുകൾ സംബന്ധിച്ച് ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബാറ്ററി പ്രശനം പരിഹരിക്കാൻ കഴിഞ്ഞ വർഷം മുതലുള്ള ഓപറേറ്റിങ് സിസ്റ്റം അപ്‌ഡേറ്റുകളിലൂടെ ഐ ഫോൺ 6, ഐ ഫോൺ 6എസ്, ഐ ഫോൺ എസ് ഇ, ഐ ഫോൺ 7 എന്നീ മോഡലുകളുടെ പ്രവർത്തന വേഗത കുറച്ചതായി കഴിഞ്ഞയാഴ്ചയാണ് കമ്പനി തുറന്നു സമ്മതിച്ചത്.