മുംബൈ- വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത കേസില്‍ നടി കങ്കണയുടെ അംഗരക്ഷകന്‍ കുമാര്‍ ഹെഗ്‌ഡെ കര്‍ണാടകയില്‍ അറസ്റ്റിലായി.
കര്‍ണാടകയിലുള്ള അമ്മ മരിച്ചുവെന്ന് വിശ്വസിപ്പിച്ച് ബ്യൂട്ടീഷ്യനായ യുവതിയില്‍നിന്ന് 50,000 രൂപ വാങ്ങിയാണ് ഇയാള്‍ മുംബൈയില്‍നിന്ന് മുങ്ങിയിരുന്നത്. ഞയാറാഴ്ച മറ്റൊരു യുവതിയെ വിവാഹം ചെയ്യാനിരിക്കെയാണ് കുമാര്‍ ഹെഗ്ഡ മുംബൈ പോലീസിന്റെ പിടിയിലായത്.
മാണ്ട്യ ജില്ലയിലെ ഹെഗ്ഗഡഹള്ളി ഗ്രാമത്തില്‍വെച്ചാണ് ഇയാള്‍ പിടിയിലായതെന്ന് ഡി.എന്‍. നഗര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു.
സബ് ഇന്‍സ്‌പെക്ടര്‍ വീരേന്ദ്ര ഭോസ് ലെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളുടെ വിവാഹം തടഞ്ഞതായും പോലീസ് അറിയിച്ചു.
കുമാര്‍ ഹെഗ്‌ഡെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന് കഴിഞ്ഞയാഴ്ചയാണ് 30 കാരി മുംബൈ പോലീസില്‍ പരാതി നല്‍കിയത്.
എട്ട് വര്‍ഷമായി പരസ്പരം അറിയാമെന്നും കഴിഞ്ഞ ജൂണില്‍ നടത്തിയ വിവാഹാലോചന സ്വീകരിച്ചിരുന്നുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.