Sorry, you need to enable JavaScript to visit this website.

എന്റെ കാലിൽ വീണ് വണങ്ങരുത്; ആരാധകരോട് രജനികാന്ത്

ചെന്നൈ- സമ്പന്നരുടേയും പ്രശസ്തരുടേയും കാലിൽ വീണ് വണങ്ങുന്നത് അവസാനിപ്പിക്കണമെന്ന് ആരാധകരോട് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത്. തന്റെ രാഷ്ട്രീയ രംഗപ്രവേശനത്തിനു മുന്നോടിയായി ആരാധകരേയും അനുയായികളേയും കാണുന്നതിനിടെയാണ് രജനി ഇങ്ങനെ നിർദേശിച്ചത്. 'ദൈവത്തിന്റേയും മാതാപിതാക്കളുടേയും കാൽക്കൽ മാത്രമെ വണങ്ങാവൂ. സമ്പന്നതയുടേയും പ്രശസ്തിയുടേയും അധികാരത്തിന്റേയും പേരിൽ ആരുടേയും കാൽക്കൽ വീണു വണങ്ങരുത്,' രജനി പറഞ്ഞു. ആറുദിവസമായി രജനി ആരാധകരുമായി ആശയവിനിമയം നടത്തി വരികയാണ്. വ്യാഴാഴ്ച കോടമ്പാക്കത്ത് ആരാധകരെ കാണുന്നതിനിടെ അനുയായികൾ തുടർച്ചയായി തന്റെ കാൽക്കൽ വീണ് വണങ്ങുന്നതിനിടെയാണ് രജനി ഇതു പറഞ്ഞത്.

മധുരൈ, നമക്കൽ, വിരുദുനഗർ, സേലം ജില്ലകളിൽ നിന്നുള്ള അനുയായികളുമായാണ് രജനി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുന്നത്. ആയിരക്കണക്കിന് ആരാധകരാണ് പരിപാടിക്കെത്തിയത്. ആരാധകരുടെ ആവേശം മനസ്സിലാക്കിയ രജനി 16 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ തന്റെ ചെറുപ്പകാലത്തെ അനുഭവം പങ്കുവയ്ക്കുകയും ചെയ്തു. 'എന്റെ പതിനാറാം വയസ്സിൽ രാജ്കുമാർ നായകനായ ഒരു സിനിമയുടെ ബാംഗ്ലൂരിൽ നടന്ന 100ാം ദിന ആഘോഷത്തിൽ ഞാൻ പങ്കെടുത്തിരുന്നു. ആ പരിപാടിയിൽ രാജ്കുമാറിനെ കണ്ടപ്പോൾ എന്റെ മനസ്സ് നിറയെ അദ്ദേഹത്തിന്റെ അഭിനയ രംഗങ്ങളായിരുന്നു. ഞാൻ പോയി അദ്ദേഹത്തെ തൊട്ടു. നിങ്ങളുടെ ആവേശവും എനിക്കു മനസ്സിലാകും,'  രജനി പറഞ്ഞു.

ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഞായറാഴ്ച തന്റെ രാഷ്ട്രീയ രംഗപ്രവേശനത്തെ കുറിച്ച് പ്രഖ്യാപനമുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം രജനി വ്യക്തമാക്കിയിരുന്നു. ജയലളിതയുടെ മരണത്തെ തുടർന്ന് തമിഴ് രാഷ്ട്രീയത്തിലുണ്ടായ മാറ്റം രജനി എങ്ങനെ ഉപയോഗപ്പെടുത്തുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.
 

Latest News