കവരത്തി- ലക്ഷദ്വീപില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കേസെടുത്തു. പന്ത്രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കില്‍ത്താന്‍ ദ്വീപില്‍ കലക്ടര്‍ അസ്‌കര്‍ അലിയുടെ കോലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു.കലക്ടറുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ വിവിധ യുവജന സംഘടനകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. മയക്കുമരുന്ന് കടത്തും കുറ്റകൃത്യങ്ങളും ദ്വീപില്‍ കൂടുകയാണെന്ന കലക്ടറുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കവരത്തി ദ്വീപില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ നാളെ വീണ്ടും സര്‍വ്വകക്ഷിയോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം ഉള്‍പ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ നേരില്‍ കാണാനാണ് നീക്കം. മറ്റന്നാള്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെത്തുമെന്നാണ് സൂചന.
അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ വിവിധ സംഘടനകളുടെ പിന്തുണയോടെ ദല്‍ഹിയിലേക്ക് പ്രതിഷേധം നീട്ടാനാണ് തീരുമാനം. വിദഗ്ധരുമായി ആലോചിച്ച് നിയമപോരാട്ടങ്ങളിലേക്കും കടക്കും. ഏകപക്ഷീയമായി ഉത്തരവുകള്‍ ഇറക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ജില്ല പഞ്ചായത്ത് ഇതിന് മുന്‍കൈയെടുക്കും. വിവിധ വകുപ്പുകളില്‍ നിന്ന് കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതും കോടതിയില്‍ ചോദ്യം ചെയ്യും. ലക്ഷദ്വീപില്‍ നടക്കുന്ന ഡയറി ഫാം ലേലങ്ങള്‍ ബഹിഷ്‌ക്കരിക്കാനാണ് ആഹ്വാനം. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ദല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. ലക്ഷദ്വീപിലെ കപ്പല്‍ സര്‍വ്വീസും എയര്‍ ആംബുലസുകളും സ്വകാര്യവത്ക്കരിക്കാന്‍ തീരുമാനമായി. അടിയന്തര ചികിത്സ ആവശ്യങ്ങള്‍ക്കായി രണ്ട് എയര്‍ ആംബുലന്‍സുകളാണ് ദ്വീപിലുള്ളത്. ഇതിന് പകരം സര്‍വിസ് നടത്താന്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ് അധികൃതര്‍. ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ ആറ് യാത്രാ കപ്പലുകളും സ്വകാര്യവത്കരിക്കാനാണ് തീരുമാനം.