ന്യൂദല്‍ഹി- ഇന്ത്യയില്‍ തങ്ങളുടെ വാക്‌സിന്‍ ലഭ്യമാക്കാന്‍ ഇളവുകള്‍ അനുവദിക്കണമെന്ന യുഎസ് മരുന്നുകമ്പനി ഫൈസറിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കും. ഫൈസറിന്റെ ആവശ്യത്തില്‍ ജനങ്ങളുടെ വിശാല താല്‍പര്യം പരിഗണിച്ച് ഒരു തീരുമാനമെടുക്കുമെന്ന് നിതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അനുമതി ലഭിച്ചാല്‍ വരും മാസങ്ങളില്‍, സാധ്യമെങ്കില്‍ ജൂലൈയില്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കാമെന്ന് ഫൈസര്‍ സൂചന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കൊറോണ വൈറസിനെതിരെ മികച്ച ഫലം തരുന്ന കാര്യക്ഷമയുള്ള മരുന്നാണ് തങ്ങളുടെ വാക്‌സിനെന്ന് ഫൈസര്‍ പറയുന്നു. ഇതിനു പുറമെ ഈ വാക്‌സിന്‍ 12 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സ്വീകരിക്കാമെന്നും 2-8 ഡിഗ്രിയല്‍ ഒരു മാസം വരെ സൂക്ഷിച്ചുവയ്ക്കാമെന്നും ഫൈസര്‍ പറയുന്നു. ജൂലൈ-ഒക്ടോബര്‍ കാലയളവില്‍ അഞ്ച് കോടി വാക്‌സിന്‍ ഇന്ത്യയിലെത്തിക്കാന്‍ ഫൈസര്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ മരുന്നിന് ഇന്ത്യന്‍ ഏജന്‍സികളുടെ അനുമതി ലഭിച്ചാലെ ഇതു സാധ്യമാകൂ. ഇതിനായി ഫൈസര്‍ രേഖകള്‍ സഹിതം അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ അനുമതിക്ക് വിലങ്ങാകുന്ന സാങ്കേതിക, സുരക്ഷാ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാനാണ് ഫൈസറിന്റെ ആവശ്യം. ഇതു സംബന്ധിച്ച ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.